പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി യുപി; അനധികൃത താമസക്കാരെ കണ്ടെത്തും

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് കുടിയേറി പൗരത്വമില്ലാതെ കഴിയുന്നവരെ കണ്ടെത്താന്‍ 75 ജില്ലാ മജിസ്‌ട്രേറ്റുമാരോടും നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അവനീഷ് അവസ്തി പറഞ്ഞു.

Update: 2020-01-06 04:17 GMT

ലഖ്‌നോ: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍ പ്രദേശ്. പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ള കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കംകുറിച്ചു. ഇതിലൂടെ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്തും. ഇതോടെ പൗരത്വനിയമം നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തര്‍ പ്രദേശ് മാറി.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് കുടിയേറി പൗരത്വമില്ലാതെ കഴിയുന്നവരെ കണ്ടെത്താന്‍ 75 ജില്ലാ മജിസ്‌ട്രേറ്റുമാരോടും നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അവനീഷ് അവസ്തി പറഞ്ഞു.

അഫ്ഗാനിസ്താനില്‍നിന്ന് കുടിയേറിയവര്‍ യുപിയില്‍ കുറവാണ്. എന്നാല്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ നിരവധി പേര്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗ, ഹാപുര്‍, രാംപുര്‍, ഷാജഹാന്‍പുര്‍, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഇവരുള്ളത്.യഥാര്‍ഥ കുടിയേറ്റക്കാര്‍ ഇന്ത്യയിലെ പൗരരാകുന്നു എന്നുറപ്പുവരുത്തുകയാണ് പട്ടികയുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം. പുതിയ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഇവര്‍ക്ക് പൗരത്വം നല്‍കുമെന്നും അവസ്തി പറഞ്ഞു.സംസ്ഥാനത്ത് അനധികൃതമായി കഴിയുന്ന മുസ്‌ലിം കുടിയേറ്റക്കാരുടെ വിവരം സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കും.

Tags:    

Similar News