കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പഞ്ചാബ്

ഭഗത് സിങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരവര്‍പ്പിച്ചതിന് പിന്നാലെ ഘത്കാര്‍ കാലനില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2020-09-28 10:29 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ നിയമത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞു. ഭഗത് സിങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരവര്‍പ്പിച്ചതിന് പിന്നാലെ ഘത്കാര്‍ കാലനില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ കാര്‍ഷിക നിയമത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് അമരീന്ദര്‍ ഉന്നയിച്ചത്. കാര്‍ഷിക നിയമത്തിനെതിരേ പഞ്ചാബ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. സംസ്ഥാന വിഷയമായ കൃഷിയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമില്ല. നിയമനിര്‍മാണം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക സമൂഹത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. ഡല്‍ഹിയില്‍ നിന്ന് നാളെ രണ്ട് അഭിഭാഷകര്‍ എത്തുമെന്നും കാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ നിയമം നടപ്പിലാക്കുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കും. ഈ കര്‍ഷവിരുദ്ധ ബില്ലില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് പഞ്ചാബായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ ഒപ്പുവെച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നടപടി അത്യന്തം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News