അസം വെടിവയ്പ്: പൗരത്വ നിഷേധത്തിന്റെ ട്രയല്‍ റണ്‍ ആണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2021-09-25 08:42 GMT

കോഴിക്കോട്: അസമിലെ ഗ്രാമീണ മുസ്‌ലിം കര്‍ഷകര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പും കുടിയൊഴിപ്പിക്കലും പള്ളികള്‍ തകര്‍ക്കലും

ഒരു ജനതയെ പൗരത്വം നിഷേധിച്ച് എങ്ങനെ പുറത്താക്കാമെന്നതിന്റെ ട്രയല്‍ റണ്‍ ആണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ് വി പ്രസ്താവിച്ചു.

അസമിലെ ദാരംഗ് ജില്ലയിലെ ഗോരുഖുടി ഗ്രാമത്തില്‍ പതിറ്റാണ്ടുകളായി താമസിച്ചു വരികയായിരുന്ന ബംഗാളി സംസാരിക്കുന്ന എണ്ണൂറിലേറെ മുസ് ലിം കുടുംബങ്ങളേയാണ് ഒഴിപ്പിച്ചത്. പുനരധിവസിപ്പിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലാതെ നടപടിക്രമങ്ങള്‍ യഥാവിധി പാലിക്കാതെയും വന്‍ പോലീസ് സന്നാഹമെത്തി ബുള്‍ഡോസറുപയോഗിച്ച് അവരുടെ വീടുകളും നാല് മസ്ജിദുകളും ഇടിച്ചു നിരത്തുകയായിരുന്നു.

അതിനെതിരേ ന്യായമായി പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം ഇന്ത്യന്‍ പൗരസമൂഹത്തെ ഞെട്ടിപ്പിക്കേണ്ടതാണ്.

കൊല്ലപ്പെട്ടയാളുടെ നെഞ്ചത്ത് ഭ്രാന്തമായ ആവേശത്തില്‍ ചാടിക്കയറി പക തീര്‍ക്കുന്ന ഫോട്ടോഗ്രാഫര്‍ ആര്‍എസ്എസ് കുത്തിവച്ച പകയുടെ ഭീകരമുഖമാണ് വ്യക്തമാക്കുന്നത്.

ഇത്തരം വംശീയ ഭ്രാന്തിനെ തുറന്നുകാട്ടാന്‍ മടിക്കുന്ന മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സമാനമായ മനസ്സ് പേറുന്നവരാണ്.

ആദ്യം മുസ് ലിംകളെപ്പറ്റി ജനമനസ്സുകളില്‍ വിദ്വേഷം നിറയ്ക്കുക, അതോടൊപ്പം മുസ് ലിംകളെ ഭയപ്പെടുത്തി നിര്‍വീര്യരാക്കുക. പിന്നെ അവരെ പുറത്താക്കാന്‍ ശ്രമിക്കുക , അല്ലെങ്കില്‍ കൊന്നു തള്ളുക, ഭയം ജനിപ്പിച്ച് സ്വയം ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാക്കുക. ഇതാണ് വംശീയ ഉന്മൂലനത്തിന്റെ രീതിശാസ്ത്രമായി സംഘപരിവാര്‍ പയറ്റുന്നത്.

ജനമനസ്സില്‍ മുസ് ലിം വിദ്വേഷവും പകയും നിറയ്ക്കുന്ന വംശഹത്യയുടെ പ്രഥമ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കേരളം കടന്നു പോവുന്നത്.

ആദ്യം ആര്‍എസ്എസ് മാത്രമായി ചെയ്തിരുന്നത് ഇപ്പോള്‍ സുരിയാനി ക്രിസ്ത്യന്‍ സഭയും മുഖ്യമന്ത്രിയും ഭരണകൂടവും കൂടെനില്‍ക്കുന്ന മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. മതേതര ചേരി പൂര്‍ണമായി ദുര്‍ബലമായി മാറിയ ഈ ഘട്ടത്തില്‍ അപകടകരമായ ഇത്തരം നീക്കങ്ങളെ എങ്ങനെ ജനകീയമായി നേരിടാന്‍ കഴിയുമെന്ന് ആര്‍ജ്ജവവുമുള്ള സമുദായ നേതൃത്വമാണ് ആലോചിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Tags: