ലോക്ക് ഡൗണ്‍ ഇളവില്‍ മസ്ജിദുകളേയും പരിഗണിക്കണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

രോഗത്തിന്റെ സമൂഹ വ്യാപന ഭീതി ഇല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ച പ്രദേശങ്ങളാണ് ഗ്രീന്‍ സോണുകള്‍. രോഗ വ്യാപന സാധ്യതയില്ലാത്ത ഇത്തരം പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ച് പള്ളികള്‍ തുറക്കാനും വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കണം.

Update: 2020-05-06 06:56 GMT

മലപ്പുറം: നമ്മുടെ സംസ്ഥാനത്തു കൊറോണയുടെ സാമൂഹികവ്യാപനം തടയാന്‍ സാധിച്ചതും രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതും ആശ്വാസകരമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍, പ്രദേശങ്ങള്‍ക്കനുസരിച്ച് ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ഗ്രീന്‍സോന്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വിശുദ്ധ റമളാന്‍ പ്രമാണിച്ച് പള്ളികള്‍ക്കും ഇളവ് ബാധകമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദു റഹ്മാന്‍ ബാഖവി ആവശ്യപ്പെട്ടു.

രോഗത്തിന്റെ സമൂഹ വ്യാപന ഭീതി ഇല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ച പ്രദേശങ്ങളാണ് ഗ്രീന്‍ സോണുകള്‍. രോഗ വ്യാപന സാധ്യതയില്ലാത്ത ഇത്തരം പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ച് പള്ളികള്‍ തുറക്കാനും വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കണം.

അതേസമയം, സുരക്ഷിത മേഖലകളില്‍ ആള്‍ക്കൂട്ടമില്ലാതെ സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പാലിച്ച് നാമമാത്രമായി നമസ്‌കാരം നടത്തുന്നതു പോലും പലയിടത്തും കുറ്റകരമായി കണക്കാക്കി കേസെടുക്കുന്ന അവസ്ഥയാണുള്ളത്. അത്തരം നടപടികളില്‍ നിന്നും പിന്തിരിയാന്‍ പോലിസിന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കേസുകള്‍ ഒഴിവാക്കണമെന്നും അബ്ദുറഹിമാന്‍ ബാഖവി ആവശ്യപ്പെട്ടു. 

Tags: