ഗുജറാത്ത്: പ്രമോഷന്‍ പരീക്ഷയില്‍ 119 ജഡ്ജിമാരും തോറ്റു

പരീക്ഷ എഴുതിയ ഒരാള്‍ക്കു പോലും മിനിമം മാര്‍ക്ക് നേടാനായില്ല. സംസ്ഥാനത്തെ 40 ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ 119 വര്‍ക്കിങ് ജഡ്ജിമാരും 1,372 അഭിഭാഷകരുമാണ് പങ്കെടുത്തത്.

Update: 2019-10-08 12:55 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ ഞെട്ടിക്കുന്ന തോല്‍വി. പരീക്ഷ എഴുതിയ ഒരാള്‍ക്കു പോലും മിനിമം മാര്‍ക്ക് നേടാനായില്ല. സംസ്ഥാനത്തെ 40 ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ 119 വര്‍ക്കിങ് ജഡ്ജിമാരും 1,372 അഭിഭാഷകരുമാണ് പങ്കെടുത്തത്.

ഇന്നലെയാണ് ഗുജറാത്ത് ഹൈക്കോടതി പരീക്ഷാ ഫലം പുറത്തുവിട്ടത്. 65 ശതമാനം ഒഴിവുകള്‍ നികത്താനായി സീനിയര്‍ സിവില്‍ ജഡ്ജിമാരെ സ്ഥാനക്കയറ്റം നല്‍കി ജില്ലാ ജഡ്ജിമാരായി നിയമിച്ചിരുന്നു. ബാക്കി വരുന്ന തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്.

പരീക്ഷ എഴുതിയ 119 വര്‍ക്കിങ് ജഡ്ജിമാരില്‍ 51 ജഡ്ജിമാരും സംസ്ഥാനത്തെ പ്രമുഖ കോടതികളില്‍ സേവനം അനുഷ്ടിക്കുന്നവരാണ്. 1372 അപേക്ഷകളാണ് ലഭിച്ചത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ 494 പേരെ എഴുത്ത് പരീക്ഷക്ക് തിരഞ്ഞെടുത്തു. ഓഗസ്റ്റ് നാലിനായിരുന്നു എഴുത്തു പരീക്ഷ നടന്നത്. പരീക്ഷയെഴുതിയ 494 പേരില്‍ ഒരാള്‍ പോലും മിനിമം മാര്‍ക്ക് നേടാനായില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ എച്ച്ഡി സുതര്‍ വ്യക്തമാക്കി.


Tags:    

Similar News