'സമ്മര്‍ദ്ദത്തിന് വഴങ്ങുന്നത് ദയനീയം'; കൊവിഡ് ഇളവുകളില്‍ കേരളത്തെ ശകാരിച്ച് സുപ്രിംകോടതി

കൊവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവ് നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Update: 2021-07-20 09:58 GMT

ന്യൂഡല്‍ഹി: ബക്രീദിനു മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്നു ദിവസം ഇളവു നല്‍കിയതില്‍ കേരളത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. കൊവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവ് നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയ കോടതി യുപിയിലെ കന്‍വാര്‍ യാത്ര കേസില്‍ സുപ്രിം കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനു ബാധകമാണെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദിവസത്തെ ഇളവുകള്‍ ഇന്ന് തീരുന്ന സ്ഥിതിക്ക് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും നേരത്തെ ഈ ഹര്‍ജി വന്നിരുന്നെങ്കില്‍ അത് ചെയ്‌തേനേയെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ ഒരു സമ്മര്‍ദ ഗ്രൂപ്പിനും മതപരമായാലും അല്ലെങ്കിലും സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ മൂലം കോവിഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. കോടതി അതില്‍ നടപടിയെടുക്കും.മഹാമാരിയുടെ ഈ കാലത്ത് സമ്മര്‍ദത്തിനു വഴങ്ങുന്നത് പരിതാപകരമായ അവസ്ഥയാണെന്ന് കോടതി പറഞ്ഞു. വ്യാപാരികളുടെ ഭാഗത്തുനിന്ന് കട തുറക്കുന്നതിന് സമ്മര്‍ദമുണ്ടെന്ന് കേരളം അറിയിച്ചതിനോടാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ചോദ്യം ചെയ്ത് ഡല്‍ഹി സ്വദേശി പികെഡി നമ്പ്യാരാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇളവുകള്‍ റദ്ദാക്കി ഉത്തരവു പുറപ്പെടുവിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. ഇളവുകളുടെ അവസാന ദിനമായ ഇന്ന് ഇത്തരമൊരു ഉത്തരവു പുറപ്പെടവിക്കുന്നതുകൊണ്ടു കാര്യമില്ലെന്ന് കോടതി പറഞ്ഞു. നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കില്‍ ഇക്കാര്യം പരിഗണിക്കാമായിരുന്നെന്ന് കോടതി പറഞ്ഞു. ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി ഇന്നലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് കേസുകള്‍ കൂടുതലെന്ന് കേരളം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എന്നിട്ടും ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും കേരളം രാജ്യത്തെ തന്നെ അപകടത്തിലാക്കുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. വ്യാപാരികളുടെ സമ്മര്‍ദഫലമായാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്ന് കേരളം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Tags: