ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ മടങ്ങിവരവ്: പൊതുവാഹനം ഏര്‍പ്പാടാക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് മന്ത്രി

വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം വാഹനം ഏര്‍പ്പാടാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Update: 2020-05-05 08:00 GMT

കോഴിക്കോട്: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് മടങ്ങി വരാന്‍ പൊതു വാഹനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം വാഹനം ഏര്‍പ്പാടാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ട്രെയിനിലും ബസിലും നാട്ടിലെത്തിക്കാന്‍ തത്കാലം പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിനുകള്‍ക്കായി ഇന്നലെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നതായും മന്ത്രി പറഞ്ഞു. ഇതിനിടെ കളിയിക്കാവിളയില്‍ തമിഴ്‌നാട് മലയാളികളുടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. കേരളത്തിന്റെ പാസുള്ളവരെ കടത്തിവിടാനാണ് കന്യാകുമാരി കലക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 

Tags: