എസ്എഫ്‌ഐ രക്തരക്ഷസ്സ്, ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ അന്തകവിത്തായി മാറുന്നുവെന്നും എഐഎസ്എഫ്

Update: 2019-07-27 17:02 GMT

കണ്ണൂര്‍: എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപോര്‍ട്ടിലാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ രൂക്ഷ വിമര്‍ശനം.

സമാധാനത്തിന്റെ അടയാളമായ തൂവെള്ള കൊടിയുമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐ രക്തരക്ഷസ്സിന്റെ സ്വഭാവവുമായാണ് മുന്നോട്ടു പോവുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാംപസ്സില്‍ എഐഎസ്എഫിന് എസ്എഫ്‌ഐയുടെ ഭീഷണിയുണ്ടായി.

ജനാധിപത്യം വാക്കുകളില്‍ മാത്രമൊതുങ്ങിയിരിക്കുകയാണ്. പലയിടത്തും എസ്എഫ്‌ഐ നേതാക്കള്‍ എഐഎസ്എഫ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നു. എഐഎസ്എഫിന് നോമിനേഷന്‍ പോലും നല്‍കാനാവാത്ത അവസ്ഥ സൃഷ്ടിക്കുന്ന ഇവര്‍ വാദിക്കുന്നത് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കുന്നുവെന്നാണ്.

നേരത്തേ ആര്‍എസ്എസ്സിന്റെ നാഗ്പൂരിലെ ആസ്ഥാനത്ത് നിന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ഇന്ന് കേരളത്തിലെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പറയുന്നു, നിങ്ങള്‍ക്ക് യൂനിറ്റ് രൂപീകരിക്കണമെങ്കില്‍ അവരുടെ അനുമതി വേണമെന്ന്. ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ അന്തകവിത്തായി ഇത്തരം സംഘടനകള്‍ മാറുമെന്നത് യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കണം. അടക്കി വാഴുന്ന പ്രവണത എസ്എഫ്‌ഐ അവസാനിപ്പിച്ചില്ലെങ്കില്‍ ആര്‍എസ്എസ്സ് ഉള്‍പ്പടെയുള്ള സംഘടനകളുമായി താരതമ്യം ചെയ്യേണ്ടി വരും. അഭിമന്യുവിന് നേരെ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഭീഷണി പോലെ, എഐഎസ്എഫിന് നേരെ കണ്ണൂര്‍ ജില്ലയില്‍ എസ്എഫ്‌ഐയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുവെങ്കില്‍ ഈ രണ്ട് രാഷ്ട്രീയവും തമ്മില്‍ താരതമ്യം ചെയ്യേണ്ടി വരും- എന്നിങ്ങനെയാണ് എഐഎസ്എഫിന്റെ രൂക്ഷ വിമര്‍ശനം. 

Tags:    

Similar News