വിമാന കമ്പനികള്‍ ടിക്കറ്റ് തുക മടക്കി നല്‍കുന്നില്ല; വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് ആവശ്യമുയരുന്നു

Update: 2020-03-25 12:22 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ വിമാന സര്‍വീസുകള്‍ റദാക്കിയിട്ടും പല വിമാന കമ്പനികളും ടിക്കറ്റ് തുക മടക്കി നല്‍കുന്നില്ലെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വേണ്ടത്ര നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ വ്യോമയാന മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചു. നിലവില്‍ കൊവിഡ് 19 ലോകമെമ്പാടും പരക്കുന്നതിന്റെ തീവ്രത കുറയ്ക്കുന്നതിന് രാജ്യന്താര തലത്തിലുള്ള ഭൂരിഭാഗവും വിമാന സര്‍വീസുകളും കഴിഞ്ഞ ദിവസങ്ങളിലായി റദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പല വിമാന കമ്പനികളും ടിക്കറ്റ് തുക മടക്കി നല്‍കാതിരിക്കുന്നത്. ചില കമ്പനികള്‍ മുഴുവന്‍ ടിക്കറ്റ് തുകയുടെയും 10 ശതമാനം മാത്രമാണ് തിരിച്ചുനല്‍കുന്നത്. ഒന്നും രണ്ടും ലക്ഷം രൂപ നല്‍കി ടിക്കറ്റെടുത്തവര്‍ക്ക് വിമാന കമ്പനികള്‍ തിരിച്ച് നല്‍കുന്നത് 10000 മുതല്‍ 20000 രൂപ വരെയാണ്.

    മറ്റു ചില കമ്പനികള്‍ യാത്രാ തിയ്യതി മാറ്റാനുള്ള സൗകര്യം മാത്രമേ നല്‍കൂ എന്ന നിലപാടിലാണ്. എങ്കിലും മാറ്റിയെടുക്കുന്ന തിയ്യതിയിലെ ടിക്കറ്റിന്റെ അധിക തുക നല്‍കേണ്ടിവരും. ഇപ്പോഴുള്ള സ്ഥിതി വരും ദിവസങ്ങളില്‍ കൂടുതല്‍ മോശമാവുമോയെന്ന് ആശങ്കപ്പെട്ട് യാത്രാ തിയ്യതി മാറ്റി ടിക്കറ്റെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മിക്ക യാത്രക്കാരും. അവധിക്കാലത്തില്‍ വിദേശത്തേക്ക് യാത്ര പോവാന്‍ ടിക്കറ്റെടുത്തവര്‍ക്ക് ഇനി ഈ വര്‍ഷം തിയ്യതി മാറ്റി ടിക്കറ്റെടുക്കുന്നതും പ്രായോഗികമല്ല. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികളുടെ നിലപാടിനും കാര്യമായ മാറ്റമില്ല.

    റദ്ദാക്കല്‍ നിബദ്ധനകള്‍ ആസ്പദമാക്കിയാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന ന്യായീകരണമാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയും സമാന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ വ്യോമായേന മന്ത്രാലയതിന് നിവേദനം സമര്‍പ്പിച്ചത്. വിഷയത്തില്‍ വിമാന കമ്പനികള്‍ക്കും പ്രത്യേകിച്ച് എയര്‍ ഇന്ത്യയ്ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രശനപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതിനകം ചില വിമാന കമ്പനികള്‍ ഒരു വര്‍ഷത്തിനകം മറ്റ് അധിക നിരക്ക് കൂടാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി മാതൃകയായിട്ടുണ്ട്. യാത്രയുടെ ഭാഗമായി വിദേശത്തും മറ്റുമുള്ള പല ഹോട്ടലുകളും ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കാനാവില്ലെന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകളും മാനേജ്‌മെന്റും. തിയ്യതി മാറ്റാനാണ് അവരുടെയും നിര്‍ദേശം.



Tags:    

Similar News