ഇന്ത്യക്കാരനായ യാത്രക്കാരന്റെ ശല്യം അതിരുവിട്ടു; എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി

ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം എമര്‍ജന്‍സി ലാന്റിങ് നടത്തിയതെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് പ്രാദേശിക സമയം അഞ്ചോടെയായിരുന്നു സംഭവം.

Update: 2021-03-07 01:33 GMT

സോഫിയ: ഇന്ത്യക്കാരനായ യാത്രക്കാരന്റെ അതിക്രമം അതിരുകടന്നതോടെ പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം എമര്‍ജന്‍സി ലാന്റിങ് നടത്തിയതെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് പ്രാദേശിക സമയം അഞ്ചോടെയായിരുന്നു സംഭവം.

വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ ഇന്ത്യക്കാരനായ യാത്രക്കാരന്‍ അതിക്രമം ആരംഭിച്ചെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് യാത്രക്കാരോട് ശണ്ഠ കൂടിയ ഇയാള്‍ വിമാന ജീവനക്കാരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും കോക്പിറ്റിന്റെ വാതിലില്‍ പലതവണ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ബള്‍ഗേറിയന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോഴാണ് പൈലറ്റ് സോഫിയ വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങിന് അനുമതി തേടിയത്.

വിമാനത്തില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ ഇയാള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വ്യോമസുരക്ഷ അപകടത്തിലാക്കിയ കുറ്റമാണ് ചുമത്തിയത്.പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇയാളെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശേഷം വിമാനം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.


Tags:    

Similar News