അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറിയാല്‍ തടയും: ആദിവാസി സ്ത്രീ കൂട്ടായ്മ

യാത്ര തുടങ്ങുന്ന 14ന് ബോണക്കാട് ആദിവാസി സ്ത്രീകളുടെ പ്രതിഷേധയജ്ഞം സംഘടിപ്പിക്കും. സ്ത്രീകള്‍ക്ക് യാത്രയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരിവിനെതിരേ നിയമനടപടി സ്വീകരിക്കാനും സംഘടന ആലോചിക്കുന്നുണ്ട്.

Update: 2019-01-08 10:34 GMT

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറിയാല്‍ തടയുമെന്ന് ആദിവാസി മഹാസഭയ്ക്ക് കീഴിലെ സ്ത്രീകളുടെ കൂട്ടായ്മ വ്യക്തമാക്കി. അഗസ്ത്യാര്‍ മലയിലേക്ക് സ്ത്രീകളെത്തുന്നത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ആദിവാസി മഹാസഭ, സ്ത്രീകളെ തന്നെ രംഗത്തിറക്കി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യാത്ര തുടങ്ങുന്ന 14ന് ബോണക്കാട് ആദിവാസി സ്ത്രീകളുടെ പ്രതിഷേധയജ്ഞം സംഘടിപ്പിക്കും. സ്ത്രീകള്‍ക്ക് യാത്രയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരിവിനെതിരേ നിയമനടപടി സ്വീകരിക്കാനും സംഘടന ആലോചിക്കുന്നുണ്ട്. അഗസ്ത്യമലയുടെ അടിവാരത്ത് 27 സെറ്റില്‍മെന്റ് കോളനികളിലായി 1,500 ആദിവാസികളാണ് താമസിക്കുന്നത്. ഇവിടത്തെ സ്ത്രീകളാരും ഇതുവരെ അതിരുമല കടന്ന് നെറുകയിലേക്ക് കയറിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം, നിരവധി സ്ത്രീകളാണ് ഇതിനകം യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. കോടതി ഉത്തരവുള്ള സാഹചര്യത്തില്‍ വനംവകുപ്പിന് സ്ത്രീകളുടെ യാത്രയെ തടയാനുമാവില്ല. എന്നാല്‍, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരേ കാണി വിഭാഗവും രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ കയറിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി. എന്നാല്‍, പ്രതിഷേധങ്ങള്‍ ഭയന്ന് പിന്‍മാറാനില്ലെന്നാണ് മലകയറാന്‍ അനുമതി നേടിയെടുത്തവരുടെ നിലപാട്.

Tags:    

Similar News