അഗ്നിപഥ് പ്രക്ഷോഭം:ഡിവൈഎഫ്‌ഐ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം, എഎ റഹീം ഉള്‍പ്പടെ അറസ്റ്റില്‍

അഗ്നിപഥ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു

Update: 2022-06-19 08:14 GMT

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരേ ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം.എഎ റഹീം ഉള്‍പ്പടെയുള്ള നേതാക്കളെ പോലിസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പോലിസിന്റെ അതിക്രമമുണ്ടായി. ഒരാളുടെ കരണത്തടിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മാര്‍ച്ച് പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായി.ജനാധിപത്യ രീതിയില്‍ നടത്തിയ പ്രതിഷേധത്തെ പോലിസ് അടിച്ചമര്‍ത്തുകയായിരുന്നെന്ന് എ എ റഹീം ആരോപിച്ചു.എംപിയെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും റഹീം പറഞ്ഞു.അഗ്‌നിപഥിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും, തോറ്റുപിന്‍മാറാന്‍ തയ്യാറല്ലെന്നും റഹീം വ്യക്തമാക്കി.

അതേസമയം അഗ്നിപഥ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍ കേരളത്തിലടക്കം വ്യാപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യതാല്‍പര്യം കണക്കിലെടുത്ത് പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും യുവാക്കളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

അഗ്നിപഥ് പദ്ധതിക്കെതിരേ കോണ്‍ഗ്രസും ഇന്ന് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സത്യഗ്രഹ സമരം നടത്തുണ്ട്. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.



Tags: