കര്‍ണാടകയില്‍ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി

Update: 2019-12-10 00:53 GMT

ബംഗളൂരു: ഉപതിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃപദവി രാജിവച്ചു. ഇതിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും രാജിവച്ചു. ഇരുവരും എ ഐസിസി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കു രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 ഇടങ്ങളിലും ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് മറുകണ്ടം ചാടിയ 13 വിമതരില്‍ 11 പേരും ജയിച്ചത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 12 സീറ്റുകളാണ് കോണ്‍ഗ്രസിനു ഉപതിരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെട്ടത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എ എച്ച് വിശ്വനാഥ്, എം ടി ബി നാഗരാജ് തുടങ്ങിയ പ്രമുഖരെല്ലാം അടിയറവ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് നേതാക്കള്‍ രാജിക്കത്ത് നല്‍കിയത്.

    ഉപതിരഞ്ഞെടുപ്പ് ജയത്തോടെ 222 അംഗ വിധാന്‍സഭയില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണം 117 ആയി. 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയിരുന്നെങ്കിലും ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചിരുന്നില്ല.




Tags:    

Similar News