സംഘ്പരിവാറിന്റെ ജാതീയ അധിക്ഷേപങ്ങള്‍ക്ക് അയ്യപ്പന്റെ ചിത്രംവച്ച് വിനായകന്റെ മറുപടി

ബിജെപി മുന്നോട്ടുവെച്ച ആശയം കേരളം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതിനാണ് വിനായകനെതിരെ സൈബര്‍ ആക്രമണം സംഘപരിവാര്‍ നടത്തിയത്. എന്നാല്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലും ടൈംലൈനും കാളിയുടേയും അയ്യപ്പന്റെയും ചിത്രമാക്കിയാണ് അദ്ദേഹം സംഘപരിവാറിന് മറുപടി നല്‍കിയത്.

Update: 2019-06-01 18:08 GMT

കോഴിക്കോട്: ആര്‍എസ്എസ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജാതീയ അധിക്ഷേപങ്ങള്‍ നടത്തുന്ന സംഘ്പരിവാറിന് അയ്യപ്പന്റെ ചിത്രം വച്ച് നടന്‍ വിനായകന്റെ മറുപടി. തനിക്കു നേരെ ജാതീയമായും വംശീയമായും തെറിവിളിച്ചു ആക്രമണം നടത്തിയ സംഘപരിവാറുകാര്‍ക്ക് അയ്യപ്പന്റെയും കാളിയുടേയും ചിത്രങ്ങള്‍ കൊണ്ടാണ് വിനായകന്‍ മറുപടി നല്‍കിയിരിക്കുന്നത്.


ബിജെപി മുന്നോട്ടുവെച്ച ആശയം കേരളം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതിനാണ് വിനായകനെതിരെ സൈബര്‍ ആക്രമണം സംഘപരിവാര്‍ നടത്തിയത്. എന്നാല്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലും ടൈംലൈനും കാളിയുടേയും അയ്യപ്പന്റെയും ചിത്രമാക്കിയാണ് അദ്ദേഹം സംഘപരിവാറിന് മറുപടി നല്‍കിയത്.

വിനായകന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തെറിവിളിയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നു വിനായകന്‍ പറഞ്ഞിരുന്നു. 'നമ്മള്‍ മിടുമിടുക്കന്‍മാരല്ലേ. അത് തിരഞ്ഞെടുപ്പില്‍ കണ്ടതല്ലേ. ഞാന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. രാഷ്ട്രീയ ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു'. വിനായകന്‍ പറഞ്ഞു. ഇതിനെതിരേയാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയയില്‍ വിനായകനെ അസഭ്യവര്‍ഷവുമായി രംഗത്തെത്തിയത്. വിനായകനെ ജാതീയമായി അധിക്ഷേപിച്ച സംഘപരിവാര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണില്ലെന്നും പ്രതിജ്ഞയെടുത്തു.

Tags: