അരങ്ങൊഴിയുന്നത് ഇന്ത്യന്‍ സിനിമയിലെ അതുല്യപ്രതിഭ

ഏതു കഥാപാത്രമായാലും വേറിട്ട ശൈലിയിലുടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിക്കുന്ന നടനായിരുന്നു നെടുമുടി വേണു

Update: 2021-10-11 09:46 GMT

കൊച്ചി: കാലയവനികയ്ക്കുള്ളില്‍ മറയുന്നത് വേറിട്ട അഭിനയ ശൈലിയില്‍ ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായി മാറിയ അതുല്യ പ്രതിഭ.ഏതു കഥാപാത്രമായാലും വേറിട്ട ശൈലിയിലുടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിക്കുന്ന നടനായിരുന്നു നെടുമുടി വേണു.1978 ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പിലൂടെ മലയാള സിനിമലോകത്തിന്റെ പടികയറിയ നെടുമുടി വേണു പിന്നീട് തന്റേതായ അഭിനയ ശൈലിയിലുടെ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മാറുകയായിരുന്നു.

ആലപ്പുഴ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ചു ആണ്‍മക്കളില്‍ ഇളയമകനായി 1948 മെയ് 22 നാണ് കെ വേണു ഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്.വിദ്യാഭ്യാസ കാലത്ത് തന്നെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നെടുമുടി വേണു.ആലപ്പുഴ എസ്ഡി കോളജിലെ പഠന കാലത്ത് നാടകത്തില്‍ കൂടുതല്‍ സജീവമായിരുന്നു.ഒപ്പം മിമിക്രിയും ചെയ്തിരുന്നു.ബിരുദ പഠനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകനായും പാരല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചുവെങ്കിലും കലാലോകം തന്നെയായിരുന്നു നെടുമുടി വേണുവിന്റെ ഇഷ്ട മേഖല.മികച്ച മൃദംഗ വായനക്കാരനായിരുന്ന നെടുമുടി വേണു കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെ വേണുവിലെ അഭിനേതാവ് കൂടുതല്‍ തിളക്കം കൈവരിക്കുകയായിരുന്നു.

തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെയാണ് നെടുമുടി വേണുവിന്റെ സിനിമാ പ്രവേശനത്തിന് കളമൊരുങ്ങിയത്.അരവിന്ദന്‍,പത്മരാജന്‍,ഭരത് ഗോപി അടക്കമുള്ളവരുമായുണ്ടായ സൗഹൃദമായിരുന്നു സിനിമാ പ്രവേശനത്തിന് വഴി തെളിച്ചത്.അരവിന്ദന്റെ തമ്പ്,ഭരതന്റെ ആരവം,പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്നീ ചിത്രങ്ങള്‍ നെടുമുടി വേണുവിനെ ശ്രദ്ധേയനാക്കിയപ്പോള്‍ 1980 ല്‍ പുറത്തിറങ്ങിയ തകരയിലെ ചെല്ലപ്പനാശാരിയെന്ന കഥാപാത്രമാണ് നെടുമുടി വേണുവിന് ബ്രേക്ക് നല്‍കിയത്.വിടപറയും മുമ്പേ,തേനും വയമ്പും,കള്ളന്‍ പവിത്രന്‍,അപ്പുണ്ണി,യവനിക,പഞ്ചവടിപ്പാലം,മര്‍മ്മരം,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,അച്ചുവേട്ടന്റെ വീട്,പഞ്ചാഗ്നി,ഭരതം,സര്‍ഗ്ഗം,ദേവാസുരം എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ  സിനിമകളിലടക്കം മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിലാണ് നെടുമുടി വേണു വേഷമിട്ടത്.

കമലാഹാസനൊപ്പം ഇന്ത്യന്‍,വിക്രമിന്റെ അന്യന്‍ എന്ന തമിഴ് സിനിമകളിലും നെടുമുടി വേണു ശ്രദ്ദേയമായ വേഷം ചെയ്തിരുന്നു.റിലീസ് ചെയ്യാനുള്ള പ്രിയദര്‍ശന്റെ മരയ്ക്കാറിലും നെടുമുടി വേണു ശ്രദ്ദേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും നെടുമുടി വേണു കഴിവ് തെളിയിച്ചിരുന്നു.കാറ്റത്തെ കിളിക്കൂട്,തീര്‍ഥം,ശ്രുതി,അമ്പട ഞാനെ,ഒരു കഥ ഒരു നുണക്കഥ, സവിധം, അ്ങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥയും നിര്‍വ്വഹിച്ചു. പുരം എന്ന ചലച്ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും നെടുമുടി വേണു വായിരുന്നു.

അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും നെടുമുടി വേണുവിനെ തേടിയെത്തിയിരുന്നു.1990 ല്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിന് മികച്ച് സഹനടനുള്ള ദേശിയ അവാര്‍ഡും 2003 ല്‍ മാര്‍ഗ്ഗം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.1987 ല്‍ ഒരു മിന്നാമിനുങ്ങിന്റെ നുറങ്ങുവെട്ടത്തിലെ മിന്നുന്ന പ്രകടനത്തിലുടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.2003 ല്‍ മാര്‍ഗ്ഗത്തിലെ അഭിനയത്തിന് വീണ്ടും മികച്ച നടനുള്ള പുരസ്‌കാരം നെടുമുടി വേണുവിനെ തേടിയെത്തി.

നാടകത്തിലും സിനിമയിലും നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു.ഹാസ്യവും ഗൗരവമുള്ളതുമായ വേഷങ്ങള്‍ ഒരു പോലെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ നെടുമുടി വേണുവിനുണ്ടായിരുന്ന വൈഭവം തന്നെയാണ് മറ്റു നടന്മാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

Tags: