കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

റോഡില്‍ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നല്‍കാന്‍ പോലിസിനോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2020-03-06 05:05 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനെതിരേ കര്‍ശന നടപടിയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. റോഡില്‍ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നല്‍കാന്‍ പോലിസിനോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപോര്‍ട്ട് ഇന്ന് സമര്‍പിക്കും. കെഎസ്ആര്‍ടിസിയിലെ മിന്നല്‍ പണിമുടക്കില്‍ 15 ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 65 ഡ്രൈവര്‍മാര്‍ക്കെതിരെ അസ്വാഭാവിക മരണത്തിനും കേസെടുത്തേക്കും.

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരത്തിനെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി. ബസ്സുകള്‍ കൂട്ടത്തോടെ റോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. മിന്നല്‍ പണിമുടക്ക് തെറ്റെന്നാണ് കലക്ടറുടെ പ്രാഥമിക റിപോര്‍ട്ട്.

അതേസമയം പോലിസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പ്രശ്‌നം വഷളാക്കാനിടയാക്കിയതെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്.നിയ നിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകളില്‍ നിന്ന് പണം വാങ്ങി പോലിസ് സംരക്ഷിക്കുന്നുവെന്ന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു. പണിമുടക്കുമായി ബന്ധപ്പെട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് തെറ്റാണന്നും െ്രെഡവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കിയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചു. നടപടി സംബന്ധിച്ച് ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് യൂണിയനുകളുടെ മുന്നറിയിപ്പ്. കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കില്ല. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ അറിയിച്ചു.

Tags:    

Similar News