'നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയില്‍'; പോലിസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി

Update: 2021-08-03 16:30 GMT

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള പോലിസ് രാജിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പോലിസിന് നിര്‍ദേശവുമായി പോലിസ് മേധാവി. നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് ഡിജിപി അനില്‍ കാന്ത് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലിസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ഓര്‍മ്മിപ്പിച്ചു. കൊവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. വിവിധ പ്രദേശങ്ങളില്‍ പോലിസിനെതിരേ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ചിലയിടങ്ങളില്‍ പോലിസിന് പിന്‍മാറേണ്ടി വന്ന അവസ്ഥയും ഉണ്ടായി. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും രംഗത്തെത്തിയതോടെയാണ് ഡിജിപിയുടെ ഇടപെടല്‍.

Tags:    

Similar News