കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം: ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേര്‍ക്ക് പരിക്ക്

Update: 2022-08-21 18:22 GMT

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. ഞായറാഴ്ച്ചയായതിനാല്‍ സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയിരുന്നു. വലിയ തിരക്ക് അനുഭവപ്പെട്ടതോടെയാണ് ബാരിക്കേഡ് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി.

ബിച്ചിലെത്തിയവരുടെ തിരക്ക് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമായതോടെ പോലിസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയാണ്. കടകളും അടപ്പിച്ചു. ബീച്ചിന് മുന്നിലെ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നു ദിവസങ്ങളിലായി ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചില്‍ നടന്നു വരുകയായിരുന്നു. ഇന്ന് അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്. ടിക്കറ്റ് വച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതല്‍ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയതോടെ ടിക്കറ്റെടുത്തവര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടാകുകയും അത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. ഡിസിപി എ ശ്രീനിവാസ്, എസിപി കെ സുദര്‍ശന്‍ എന്നിവര്‍ കോഴിക്കോട് ബീച്ചില്‍ എത്തി.

Tags:    

Similar News