ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

Update: 2020-02-16 01:31 GMT

ന്യൂഡല്‍ഹി: ഉജ്ജ്വല വിജയത്തോടെ മൂന്നാംതവണയും രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ആംആദ്മി സര്‍ക്കാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പ്രതിനിധികള്‍ പങ്കെടുക്കും.

    മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കെജ്‌രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇംറാന്‍ ഹുസയ്ന്‍, രാജേന്ദ്ര ഗൗഗം എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. രാവിലെ 10നു നടക്കുന്ന ചടങ്ങില്‍ കെജ്‌രിവാളിനൊപ്പം ഡല്‍ഹിയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ച് 50 പേര്‍ വേദിയിലുണ്ടാവും. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണത്തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി എല്ലാ മേഖലയുടെയും പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ ഡല്‍ഹിക്കു പുറത്തുള്ള നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കള്‍ ചടങ്ങിനെത്തിയേക്കുമെന്നാണു സൂചന.




Tags:    

Similar News