ഡോക്ടറുടെ ആത്മഹത്യ: എഎപി എംഎല്‍എ അറസ്റ്റില്‍

Update: 2020-05-09 16:41 GMT

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. എംഎല്‍എയുടെ സഹായി കപില്‍ നഗറിനെ പോലിസ് കസ്റ്റിഡിയിലെടുത്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് ഡോ. രാജേന്ദ്ര സിങി(52)നെ ദക്ഷിണ ഡല്‍ഹിയിലെ ദുര്‍ഗാ വിഹാറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഡോക്ടറുടെ മകന്റെ പരാതിയില്‍ നടപടിയെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജര്‍വാളിന് രണ്ടുതവണ സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം പോലിസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ജര്‍വാളിനും സഹായിക്കുമെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു.

    ആത്മഹത്യാക്കുറിപ്പില്‍ ആംആദ്മി പാര്‍ട്ടി നേതാവിന്റെ പേര് പരാമര്‍ശിക്കുകയും എംഎല്‍എ നിരന്തരം ദ്രോഹിച്ചിരുന്നതായും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണയും പണാപഹരണവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എംഎല്‍എയ്‌ക്കെതിരേ പോലിസ് കേസെടുത്തത്. സ്വന്തമായി ക്ലിനിക്ക് നടത്തിയിരുന്ന ഡോ. രാജേന്ദ്ര സിങിനു ടാങ്കറില്‍ ജലവിതരണം നടത്തുന്ന സ്ഥാപനവും ഉണ്ടായിരുന്നു. അതേസമയം, ഡോക്ടറുടെ ആത്മഹത്യയില്‍ താന്‍ നിരപരാധിയാണെന്നും 10 മാസത്തോളമായി ഡോക്ടറുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും പ്രകാശ് ജര്‍വാള്‍ എംഎല്‍എ പറഞ്ഞു.


Tags: