'നാടിന്റെ സമാധാനം തകര്‍ക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന; സിപിഎമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കമെന്ന് എ വിജയരാഘവന്‍

Update: 2021-12-03 01:03 GMT

തിരുവനന്തപുരം: സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്നത് ആര്‍എസ്എസ്സെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഎമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണിതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ജിഷ്ണു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും മറ്റ് നാല് പേരുമാണെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്ന ജിഷ്ണു ഈയിടെയാണ് പുറത്തിറങ്ങിയതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ സനല്‍കുമാര്‍ പറയുന്നു. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ സന്ദീപ് മുന്‍ ഗ്രാമപഞ്ചായത്ത് അംഗമാണ്.

സന്ദീപിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഈ ഹീനകൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം.

സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകള്‍ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് വ്യക്തമാക്കുന്നത്.

സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അക്രമത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് എന്ന കാര്യത്തില്‍ പോലിസ് അന്വേഷണം നടത്തുകയാണ്. നിലവില്‍ പ്രദേശത്തെ ബിജെപി ആര്‍എസ്എസ് നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags:    

Similar News