നാലംഗകുടുംബം വിഷം കഴിച്ച നിലയില്‍; പിതാവും മകളും മരിച്ചു, മാതാവും മകനും ഗുരുതരാവസ്ഥയില്‍

Update: 2023-07-14 04:11 GMT

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വിഷംകഴിച്ച നിലയില്‍. പിതാവും മകളും മരിച്ചു. മാതാവിനെയും മകനേയും ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിങ്കുടിയില്‍ അഭിരാമ ജ്വല്ലറി ഉടമ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചതായാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവര്‍ ആശുപത്രിയിലാണ്. ബിന്ദു അപകടനില തരണംചെയ്തിട്ടില്ലെന്നാണ് റിപോര്‍ട്ട്. ശിവരാജന്റെ മാതാവ് രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിഞ്ഞത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല. തുടര്‍ന്ന് കൊച്ചുമകന്‍ അര്‍ജുനെ വിളിച്ചു. ശാരീരിക അസ്വസ്ഥകളോടെ പുറത്തുവന്ന അര്‍ജുനാണ് വിഴിഞ്ഞം പോലിസില്‍ വിളിച്ച് തങ്ങള്‍ വിഷം കഴിച്ചെന്ന് അറിയിച്ചത്. പോലിസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ശിവരാജനും അഭിരാമിയും മരണപ്പെട്ടിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. കെഎസ്എഫ്ഇയില്‍ നിന്നുള്‍പ്പടെ ഇവര്‍ വായ്പ എടുത്തിരുന്നെന്നും തിരിച്ചടവ് മുടങ്ങിയിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

Tags: