കൊവിഡ്: മുംബൈയില്‍ 99% ഐസിയു കിടക്കകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു

Update: 2020-06-13 18:14 GMT

മുംബൈ: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ കുതിച്ചുയരുന്നതിനിടെ മുംബൈയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്. മുംബൈയിലെ ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളാല്‍ നിറഞ്ഞെന്നും 94 ശതമാനവും വെന്റിലേറ്ററുകള്‍ ഉപയോഗത്തിലാണെന്നും ബൃഹന്മുബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. മുംബൈയിലെ ആശുപത്രികളിലെ ഐസിയുകളില്‍ ആകെ 1181 കിടക്കകളാണുണ്ടായിരുന്നത്. ഇതില്‍ 1167 എണ്ണവും ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. 14 കിടക്കകള്‍ മാത്രമാണു ബാക്കിയുള്ളത്. 530 വെന്റിലേറ്ററുകളില്‍ 497 എണ്ണവും ഉപയോഗത്തിലാണ്.

    മുംബൈയിലെ കൊവിഡ് ആശുപത്രികളിലും കൊവിഡ് ആരോഗ്യകേന്ദ്രങ്ങളിലുമായി ചികില്‍സ ആവശ്യമുള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള 10,450 കിടക്കകളില്‍ 9,098 കിടക്കകളും ഇപ്പോള്‍ ഉപയോഗത്തിലാണ്. ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനം 5260 എണ്ണത്തില്‍ 3986 എണ്ണവും ഉപയോഗത്തിലാണ്. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 56,831 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 2,113. ഇന്നുമാത്രം 1380 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും 69 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.


Tags: