ഇറാനില്‍ ഖാസിം സുലൈമാനിയുടെ ഖബറിനു സമീപം ഇരട്ട സ്‌ഫോടനം; 73 മരണം

Update: 2024-01-03 14:13 GMT
ടെഹ്‌റാന്‍: 2020ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ഖബറിടത്തിനു സമീപം സ്‌ഫോടനം. 73 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്ക്. ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാംവാര്‍ഷികത്തില്‍ ഒത്തുകൂടിയവരുടെ കൂട്ടത്തിലാണ് ഇരട്ടസ്‌ഫോടനം ഉണ്ടായത്. തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലെ സുലൈമാനിയെ ഖബറടക്കിയ സ്ഥലത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത് ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് ഇറാന്‍ പ്രസ്താവിച്ചു. 170 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. ഖബറിടത്തിലേക്ക് പോവുന്ന വഴിയിലെ ഗ്യാസ് ക്യാനിസ്റ്ററുകള്‍ പൊട്ടിത്തെറിച്ചെന്നാണ് റിപോര്‍ട്ട്. സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശം ഇപ്പോള്‍ സുരക്ഷാ സേന പൂര്‍ണമായും ഒഴിപ്പിച്ചിരിക്കുകയാണ്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഇന്റലിജന്‍സ് മന്ത്രാലയത്തെ അറിയിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാന്‍ റവലൂഷനറി ഗാര്‍ഡിന്റെ മുതിര്‍ന്ന നേതാക്കളൊന്നും സ്‌ഫോടന സ്ഥലങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപോര്‍ട്ട്. ഒരു മുതിര്‍ന്ന ഐആര്‍ജിസി നേതാവ് കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്നു തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Tags: