ഹരിയാനയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേര്‍ മുങ്ങി മരിച്ചു

Update: 2022-09-10 04:21 GMT

ഛണ്ഡിഗഢ്: ഹരിയാനയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേര്‍ മുങ്ങിമരിച്ചു. സോനിപത്ത്, മഹേന്ദ്രഗഢ് എന്നിവിടങ്ങളിലായാണ് സംഭവം. വെള്ളിയാഴ്ചയാണ് രണ്ടിടത്തും അപകടമുണ്ടായത്. സോനിപത്തില്‍ മൂന്ന് പേരും മഹേന്ദ്രഗഡില്‍ നാല് പേരുമാണ് മുങ്ങി മരിച്ചത്. ആഗസ്ത് 31ന് തുടങ്ങിയ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് അപകടമുണ്ടായത്. സോനിപത്തിലെ മിമാര്‍പൂര്‍ ഘട്ടിലെ യമുന നദിയിലാണ് വെള്ളിയാഴ്ച വൈകീട്ട് വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയെ അച്ഛനും മകനും അനന്തരവനും അപകടത്തില്‍പ്പെട്ടത്.


 നിമജ്ജനത്തിനിടെ മൂന്നുപേരും മുങ്ങിമരിക്കുകായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലിസ് അറിയിച്ചു. ഇതേസമയത്ത് തന്നെയാണ് മഹേന്ദ്രഗഢിലെ കനീനറേവാരി പാതയിലുള്ള ജഗദോലിയിലുള്ള കനാലില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയ ഒമ്പത് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഏഴടിയോളം ഉയരമുള്ള ഭീമന്‍ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോയപ്പോള്‍ കനാലില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ അഞ്ചുപേരെ രക്ഷിക്കാനായി. ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ രാത്രി ഏറെ വൈകിയാണ് പുറത്തെടുത്തത്.

സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അനുശോചനം രേഖപ്പെടുത്തി. മഹേന്ദ്രഗഡ്, സോനിപത് ജില്ലകളിലെ ഗണപതി നിമജ്ജനത്തിനിടെ കനാലില്‍ മുങ്ങി നിരവധി പേര്‍ അകാലത്തില്‍ മരിച്ചെന്ന വാര്‍ത്ത ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ചികില്‍സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഗണേശോല്‍സവ ആഘോഷം വെട്ടിക്കുറച്ചിരുന്നു.

Tags: