താനെയിലെ കെമിക്കല്‍ ഫാക്റ്ററിയില്‍ തീപ്പിടിത്തം; 4 മരണം, 25 പേര്‍ക്ക് പരിക്ക്

Update: 2024-05-23 11:29 GMT

താനെ: മുംബൈയ്ക്ക് സമീപം താനെയിലെ ഡോംബിവാലിയില്‍ കെമിക്കല്‍ ഫാക്റ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാലുമരണം. 25ലേറെ പേര്‍ക്ക് പരിക്ക്. ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. കെമിക്കല്‍ ഫാക്ടറിക്കുള്ളിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് തീപ്പിടിത്തത്തിനു കാരണം. മൂന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എട്ട് പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു. ഡോംബിവ്‌ലി എംഐഡിസിയിലെ അമുദന്‍ കെമിക്കല്‍ കമ്പനിയിലാണ് സ്‌ഫോടനവും തീപ്പിടിത്തവും ഉണ്ടായത്. എന്‍ഡിആര്‍എഫ്, ടിഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവയുടെ ടീമുകള്‍ സ്ഥലത്തെത്തിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പരിക്കേറ്റവരെ ചികില്‍സിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ആംബുലന്‍സുകള്‍ സജ്ജമാണ്. കലക്ടറുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    തീയണയ്ക്കാന്‍ 15 ഓളം എന്‍ജിനുകള്‍ വിന്യസിച്ചിട്ടുണ്ട്. പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീ അണയ്ക്കാന്‍ നാലുമണിക്കൂറിലേറെ വേണ്ടിവരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കാര്‍ ഷോറൂം അടക്കം മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 1:40 ഓടെയാണ് സംഭവം. സ്‌ഫോടനം നടക്കുമ്പോള്‍ പകല്‍ ഷിഫ്റ്റിലെ തൊഴിലാളികള്‍ ഫാക്ടറിക്കകത്തായിരുന്നുവെന്നും എത്ര പേര്‍ അകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് അറിയില്ലെന്നും ഡോ. നിഖില്‍ പാട്ടീല്‍ പറഞ്ഞു.

Tags:    

Similar News