മദീനക്കടുത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൂട്ടിയിടിച്ച് കത്തിയമര്‍ന്നു; 35 പേര്‍ വെന്തു മരിച്ചു

ബുധനാഴ്ച വൈ കീട്ട് ഏഴര മണിയോടെ മദീനാ - മക്കാ ഹിജ്‌റ റോഡില്‍ മദീന യില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള അല്‍അഖഹല്‍ പ്രദേശത്തു വെച്ചായിരുന്നു അപകടം.

Update: 2019-10-17 00:44 GMT

ജിദ്ദ: സൗദി അറേബ്യയിലെ മദീന മേഖലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ വെന്തുമരിച്ചു. പോലീസ് വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 35 പേരും സംഭവ സ്ഥലത്തു വെച്ച് തന്നെയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ മദീനാ-മക്കാ ഹിജ്‌റ റോഡില്‍ മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള അല്‍അഖഹല്‍ പ്രദേശത്തുവെണ് അപകടം. ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് തീര്‍ത്ഥാടകരെന്ന് മദീനാ പ്രവിശ്യയിലെ പോലിസ് മാധ്യമ വാക്താവ് അറിയിച്ചു. എന്നാല്‍ ഇവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ള വരാണെന്ന് അറിവായിട്ടില്ല.


മുപ്പത്തൊമ്പത് തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച ബസ്സും ഒരു ഹെവി ടിപ്പര്‍ വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയും ബസ്സിന് തീപിടിക്കുകയുമായിരുന്നു. ഇന്തോനേസ്യന്‍ തീര്‍ഥാടകരാണ് ബസില്‍ കുടുതലുമെന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടതെന്നും റിപോര്‍ട്ടുകളുണ്ട്. അപകടം നടന്നയുടനെ ബസ്സിനു തീപിടിക്കുകയും പൂര്‍ണമായി കത്തിയമരുകയും ചെയ്തു. നാലു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വാദി ഫറഅ്, അല്‍ഹംന ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.


നേരത്തേ, പ്രാദേശിക ആരോഗ്യ അധികൃതരെ ഉദ്ധരിച്ച് 36 പേര്‍ മരിച്ചതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടമുണ്ടായ ഉടനെ പരിസരത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സിവില്‍ ഡിഫന്‍സ്, പോലിസ്, റോഡ് സുരക്ഷ വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ നേരിടാന്‍ സൗദി റെഡ് ക്രസന്റ് അതോറിറ്റിയും മറ്റ് അടിയന്തര സേവനങ്ങളും രംഗത്തെത്തിയിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News