അമേരിക്കയില്‍ വെടിവയ്പ്; കൂട്ടക്കൊല, 22 മരണം

Update: 2023-10-26 04:04 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ലെവിന്‍സ്റ്റണ്‍ നഗരത്തില്‍ തോക്കുധാരിയുടെ വെടിവയ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ലെവിന്‍സ്റ്റണ്‍ നഗരത്തിലെ ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമാണ് പ്രാദേശിക സമയം ബുധനാഴ്ച രാത്രി വെടിവയ്പുണ്ടായത്. യുഎസ് ആര്‍മി റിസര്‍വിലെ പരിശീലകനായിരുന്ന റോബര്‍ട്ട് കാഡ് ആണ് വെടിയുതിര്‍ത്തതെന്നും മനോരോഗത്തിന് ചികില്‍സയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു. എന്നാല്‍, ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിയുടെ ചിത്രം പോലിസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലിസിനെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീളന്‍ കൈയുള്ള തവിട്ട് ഷര്‍ട്ടും യുദ്ധത്തിനു പോവുമ്പോള്‍ ഉപയോഗിക്കുന്ന ഇരുണ്ട നിറത്തിലുള്ള ട്രൗസറും തോളില്‍ റൈഫിളുമായി നില്‍ക്കുന്ന താടിയുള്ള ഒരാളുടെ രണ്ട് ഫോട്ടോകളാണ് പോലിസ് പുറത്തുവിട്ടത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെളുത്ത എസ്‌യുവിയുടെ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ലൂയിസ്റ്റണ്‍ നഗരത്തിലെ രണ്ട് നിയമപാലകര്‍ അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളില്‍തന്നെ കഴിയണമെന്നും പോലിസ് നിര്‍ദേശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയടക്കം വിവരങ്ങള്‍ ധരിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 2022 മെയ് മാസത്തില്‍ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ കുട്ടികളും അധ്യാപകരുമടക്കം 19 പേര്‍ കൊല്ലപ്പെട്ട ശേഷമുണ്ടാവുന്ന നടുക്കുന്ന സംഭവമാണിത്. ഏകദേശം 39,000 ആളുകള്‍ താമസിക്കുന്ന പ്രദേശമായ ലൂയിസ്റ്റണ്‍, മെയ്‌നിലെ ഏറ്റവും വലിയ നഗരമായ പോര്‍ട്ട്‌ലാന്‍ഡിന് വടക്ക് 35 മൈല്‍ (56 കി.മീ) അകലെയാണ് സ്ഥിതി ചെയ്യുന്നത്. 2019 ആഗസ്തില്‍ എകെ 47 റൈഫിള്‍ ഉപയോഗിച്ച് ഒരു തോക്കുധാരി എല്‍ പാസോ വാള്‍മാര്‍ട്ടില്‍ വെടിയുതിര്‍ക്കുകയും 23 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.




Tags:    

Similar News