യുക്രെയ്‌നില്‍ സ്‌കൂളിന് നേരേ റഷ്യന്‍ ആക്രമണം; 21 മരണം, 25 പേര്‍ക്ക് പരിക്ക്

Update: 2022-03-17 15:05 GMT

കീവ്: കിഴക്കന്‍ യുക്രെയ്‌നിലെ സാംസ്‌കാരിക കേന്ദ്രത്തിനും സ്‌കൂളിനും നേരേ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഖാര്‍ക്കീവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ ഒരു സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായത്. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

പ്രോസിക്യൂട്ടര്‍മാരുടെ പ്രതികരണത്തോടൊപ്പമുള്ള ചിത്രത്തില്‍ നിരവധി നിലകളുള്ള ഒരു കെട്ടിടം തകര്‍ന്നുകിടക്കുന്നതായി കാണുന്നുണ്ട്. ജനാലകള്‍ പൊട്ടിത്തെറിച്ചതായും രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നുപോവുകയും ചെയ്യുന്നതായി ചിത്രത്തിലുണ്ട്. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമാണ് മെറെഫയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (18 മൈല്‍) വടക്കുള്ള ഖാര്‍കീവ്. സമീപ ആഴ്ചകളില്‍ ശക്തമായ റഷ്യന്‍ വ്യോമാക്രമണങ്ങള്‍ക്ക് ഖാര്‍കീവ് വേദിയാവുകയും നിരവധി നാശനഷ്ടങ്ങള്‍ക്കിടയാവുകയും ചെയ്തിട്ടുണ്ട്.

Tags: