അദാനിയുടെ അക്കൗണ്ടിലെത്തിയ 20,000 കോടിയുടെ ഉറവിടം അറിയാത്ത ഏജന്‍സികളുടെ അതീവ ജാഗ്രത അപഹാസ്യം: ഫൈസല്‍ ഇസ്സുദ്ദീന്‍

Update: 2023-04-18 10:46 GMT

ന്യൂഡല്‍ഹി: അദാനിയുടെ അക്കൗണ്ടിലെത്തിയ 20,000 കോടിയുടെ ഉറവിടം അറിയാത്ത ഏജന്‍സികളുടെ അതീവ ജാഗ്രത അപഹാസ്യമാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍. അദാനി ഗ്രൂപ്പിന്റെ സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപോര്‍ട്ട് പുറത്തുവന്നതിന് ശേഷം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്നോ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡില്‍ നിന്നോ (സെബി) മേല്‍പ്പറഞ്ഞ ബിസിനസ് ഹൗസിന്റെ വിവിധ വ്യാപാര ഇടപാടുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭീമമായ പണത്തെക്കുറിച്ച് രണ്ട് മാസത്തിലേറെയായിട്ടും ഇതുവരെ വിശദീകരണം വന്നിട്ടില്ല. ദുരൂഹമായ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്തുന്നതിന് അന്വേഷണസംഘത്തെ രൂപീകരിക്കുകയും ഇടപാടുകളുടെ വിശദാംശങ്ങള്‍ രാജ്യത്തെ അറിയിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഫൈസല്‍ ഇസ്സുദ്ദീന്‍ പറഞ്ഞു. അദാനി എന്റര്‍െ്രെപസസിന്റെ 20,000 കോടി രൂപയുടെ ഫോളോഓണ്‍ പബ്ലിക് ഓഫറിംഗില്‍ (എഫ്പിഒ) വരിക്കാരായവരെക്കുറിച്ച് ചില പ്രമുഖ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വിവരാവകാശ റിപ്പോര്‍ട്ടുകളിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് മൂലധന വിപണി നിയന്ത്രണ സ്ഥാപനമായ സെബിക്ക് അറിയില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും ഭീമമായ തുകയെ കുറിച്ച് യാതൊരു പരിശോധനയും ഉണ്ടാകുന്നുമില്ല. യുപിഐ വഴിയും മറ്റ് ഇടപാട് രീതികളിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്ന ചെറിയ തുകകള്‍ക്ക് പോലും സാധാരണക്കാരോട് ആധാര്‍ നമ്പറും പാന്‍ കാര്‍ഡും മറ്റ് വിശദാംശങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്യാത്തവരില്‍ നിന്ന് പണമോ പിഴയോ ഈടാക്കുകയോ ചിലരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ അദാനിയുടെ ഇത്രയും വലിയ ഇടപാടുകളുടെ വിശദാംശങ്ങള്‍ എങ്ങനെയാണ് മറച്ചുവെക്കുന്നത്. ഗവണ്‍മെന്റ് സമ്പന്നരെ അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ മാത്രം അനുകൂലിക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. ചെറിയ തുകകളുടെ ഇടപാടുകള്‍ക്ക് പോലും ഋഉ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ആളുകളെ അറസ്റ്റ് ചെയ്യുകയും മറുവശത്ത് അദാനി എന്റര്‍െ്രെപസസിന്റെ 20,000 കോടി രൂപയുടെ ഇടപാടുകള്‍ സെബിക്ക് പോലും അറിയില്ലെന്നു പറയുകയുമാണ്. ഇത് അധികാരത്തിന്റെ വ്യക്തമായ ദുരുപയോഗവും സ്വജനപക്ഷപാതവുമാണ്. ഈ വിഷയത്തില്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ മൗനത്തിലാണെന്നും മുഴുവന്‍ അദാനി ഇടപാടുകളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്താനും അക്കാര്യം പൊതുജനങ്ങളെ അറിയിക്കാനും ഫൈസല്‍ ഇസ്സുദ്ദീന്‍ സെബിയോട് ആവശ്യപ്പെട്ടു.




Tags: