പാക് വനിതാ ഐഎസ്‌ഐ ഏജന്റിനു രഹസ്യം ചോര്‍ത്തിയ രണ്ടു സൈനികര്‍ പിടിയില്‍

ലാന്‍സ് നായക് രവി വര്‍മ, സൈനികന്‍ വിചിത്ര ബോറ എന്നിവരെയാണ് ജോധ്പുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സിബിഐയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്

Update: 2019-11-06 13:11 GMT

ജയ്പൂര്‍: പാകിസ്താനില്‍നിന്നുള്ള വനിതാ ഐഎസ്‌ഐ ഏജന്റിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് ഇന്ത്യന്‍ സൈനികര്‍ കസ്റ്റഡിയില്‍. ലാന്‍സ് നായക് രവി വര്‍മ, സൈനികന്‍ വിചിത്ര ബോറ എന്നിവരെയാണ് ജോധ്പുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സിബിഐയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജയ്പൂരിലേക്കു കൊണ്ടുപോയി. സൈനികര്‍ പെണ്‍കെണിയില്‍ വീണതാണെന്നും പാക് യുവതിക്കു വിവരങ്ങള്‍ കൈമാറിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി രാജസ്ഥാന്‍ അഡീഷനല്‍

    ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. വാട്ട്‌സ് ആപ്, ഫേസ്ബുക്ക് എന്നിവ വഴിയാണ് വിവരങ്ങള്‍ പാകിസ്താനിലെ യുവതിക്ക് അയച്ചത്. മധ്യപ്രദേശ്, അസം സ്വദേശികളാണ് കസ്റ്റഡിയിലുള്ള സൈനികര്‍. പഞ്ചാബി ഭാഷ അറിയുന്ന യുവതി, പാക് നമ്പറില്‍നിന്ന് വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍(വിഒഐപി) ഉപയോഗിച്ചാണ് സൈനികരെ വിളിച്ചത്. സൈനികരുടെ ഫോണില്‍ ഇത് ഇന്ത്യന്‍ നമ്പറായാണ് തെളിഞ്ഞിരുന്നത്. യുവതി ഇന്ത്യക്കാരിയാണെന്നു ധരിച്ച് സൗഹൃദത്തിലായ സൈനികര്‍ രാജസ്ഥാനിലെ സൈനിക വിന്യാസം, സൈനിക ഉപകരണങ്ങള്‍, മറ്റു നിര്‍ണായക വിവരങ്ങള്‍ എന്നിവ അവര്‍ക്ക് അയച്ചുകൊടുത്തെന്നാണ് ആരോപണം. ഇരുവരും ജോലി ചെയ്തിരുന്ന പൊഖ്‌റാനില്‍നിന്ന് സ്വദേശത്തേക്കു മടങ്ങുമ്പോഴാണ് സൈനികരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സിബി ഐയും ഐബിയും സംയുക്ത നീക്കത്തിലാണ് ഇരുവരെയും പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.





Tags:    

Similar News