പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം; രണ്ടുപേര്‍ പോലിസ് പിടിയില്‍
ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് രണ്ടുപേര്‍ ചേര്‍ന്ന് കുഴിയെടുക്കുന്നത് ശ്രദ്ധയില്‍പെട്ട ഓട്ടോ ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലിസാണ് കുഞ്ഞിന്റെ അമ്മാവനെയും മുത്തച്ഛനെയും പിടികൂടിയത്.
ഹൈദരാബാദ്: പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ കരിംനഗര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് രണ്ടുപേര്‍ ചേര്‍ന്ന് കുഴിയെടുക്കുന്നത് ശ്രദ്ധയില്‍പെട്ട ഓട്ടോ ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലിസാണ് കുഞ്ഞിന്റെ അമ്മാവനെയും മുത്തച്ഛനെയും പിടികൂടിയത്. രാവിലെ ജൂബിലി ബസ് സ്റ്റാന്റിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ബാഗുമായി രണ്ടുപേര്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവറാണ് വിവരം പോലിസിനെ അറിയിച്ചത്. പോലിസ് ഉടന്‍ സംഭവസ്ഥലത്തെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ദൃശ്യങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. കൈയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ട കുഞ്ഞ് മരിച്ചെന്നാണ് അവര്‍ ആദ്യം പോലിസിനോട് പറഞ്ഞത്. പേരക്കുട്ടിയുടെ കുഞ്ഞാണെന്നും മരണപ്പെട്ടതിനാല്‍ പൊതുഗതാഗതം വഴി കൊണ്ടുപോവാനാവാത്തതിനാലാണ് കുഴിച്ചിടാന്‍ ശ്രമിച്ചതെന്നുമാണ് ഇരുവരും പറഞ്ഞത്. എന്നാല്‍, പോലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപത്തെ ഗാന്ധി ആശുപത്രിയിലേക്കു മാറ്റി.