ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് പണം ഒഴുകുന്നു; 1700 അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

വോട്ടിനു വേണ്ടി സ്ഥാനാര്‍ഥികളോ പാര്‍ട്ടികളോ കൈക്കൂലി നല്‍കുന്നതാണോ എന്നാണു സംശയം

Update: 2019-04-02 15:52 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജന്‍ ധന്‍ അക്കൗണ്ടിലേക്ക് പണമൊഴുകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മാത്രം 1700 ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10000 രൂപ വീതം സംശയകരമായ സാഹചര്യത്തില്‍ നിക്ഷേപിക്കപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങിയത്. ഇത്തരത്തില്‍ 10000 രൂപ വീതം ആകെ 1.70 കോടി രൂപയാണ് ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. വോട്ടിനു വേണ്ടി സ്ഥാനാര്‍ഥികളോ പാര്‍ട്ടികളോ കൈക്കൂലി നല്‍കുന്നതാണോ എന്നാണു സംശയം. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കാനോ അനധികൃത ഇടപാട് നടത്താനോ ആണോ ഇത്തരത്തില്‍ ചെയ്യുന്നതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാങ്ക് അധികൃതരോടും ഏജന്‍സികളോടും വിശദാംശം തേടിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയുടെയോ മറ്റോ പണമാണോ നല്‍കുന്നതെന്നും അന്വേഷിക്കും. രാജ്യത്തെ സാധാരണക്കാര്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014ല്‍ മോദി സര്‍ക്കാരാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായി ജന്‍ധന്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നത്. രാജ്യത്തെ എല്ലാവരുടെയും പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, നിക്ഷേപ പദ്ധതികള്‍ തുടങ്ങിയവയ്‌ക്കെല്ലാം അക്കൗണ്ട് ഉപയോഗിക്കാനാണെന്നാണ് പറഞ്ഞിരുന്നത്.




Tags:    

Similar News