ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് ഷോക്കേറ്റു

Update: 2024-03-08 12:54 GMT

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹീരാലാല്‍ നഗര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലിസ് അറിയിച്ചു. ചില കുട്ടികളെ ചികില്‍സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്.


Full View


'ഇത് വളരെ ദയനീയമായ സംഭവമാണ്... രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സാധ്യമായ എല്ലാ ചികിത്സയും നല്‍കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ആരോഗ്യമന്ത്രി ഹീരാലാല്‍ നഗര്‍ പറഞ്ഞു. ഹൈവോള്‍ട്ടേജുള്ള വൈദ്യുതി ലൈനാണ് വൈദ്യുതാഘാതത്തിന് കാരണമെന്ന് സംശയിക്കുന്നത്. ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളില്‍ ഒരാള്‍ക്ക് 100 ശതമാനവും രണ്ടാമത്തെ കുട്ടിക്ക് 50 ശതമാനവും പൊള്ളലേറ്റതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് 50 ശതമാനത്തില്‍ താഴെ പൊള്ളലേറ്റിട്ടുണ്ട്. കാലി ബസ്തിയില്‍ നിന്നുള്ള ആളുകള്‍ കലശbുമായി ഒത്തുകൂടിയപ്പോള്‍ ഒരു കുട്ടി ഹൈടെന്‍ഷന്‍ വയറില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്ന് കോട്ട എസ്പി അമൃത ദുഹാന്‍ പറഞ്ഞു. 22 അടിയോളം ഉയരമുള്ള പൈപ്പ് ചുമന്നിരുന്ന കുട്ടിയാണ് വയറില്‍ സ്പര്‍ശിച്ചത്. 25 വയസ്സുള്ള ഒരാള്‍ ഒഴികെ ബാക്കിയുള്ള കുട്ടികളെല്ലാം 14 വയസ്സില്‍ താഴെയുള്ളവരാണെന്നും എസ് പി പറഞ്ഞു.

Tags: