സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത്‌ സുപ്രിംകോടതിയില്‍ ഹരജി

50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന സുപ്രിം കോടതി ഉത്തരവ് ലംഘിക്കുന്നതാണ് ബില്‍ എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയും ഡോ. കൗശാല്‍ കാന്ത് മിശ്രയുമാണ് ഹരജി ഫയല്‍ ചെയ്തത്.

Update: 2019-01-10 10:52 GMT
ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന സുപ്രിം കോടതി ഉത്തരവ് ലംഘിക്കുന്നതാണ് ബില്‍ എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയും ഡോ. കൗശാല്‍ കാന്ത് മിശ്രയുമാണ് ഹരജി ഫയല്‍ ചെയ്തത്. നാലു ഭേദഗതികളില്‍ ഓരോന്നും ഭരണഘടനയ്‌ക്കെതിരാണെന്നും അതിനാല്‍ അത് അനുവദിക്കരുതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ പാര്‍ലമെന്റ് വഴി ഭേദഗതി ചെയ്യാനോ പാടില്ലെന്ന് 1973ല്‍ സുപ്രിംകോടതിയിലെ 13 അംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. സുപ്രിംകോടതിയുടെ ഈ ഉത്തരവ് ലംഘിക്കുന്ന ബില്‍ അനുവദിക്കരുതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികം എന്നതിനു അപ്പുറത്ത് സാമൂഹിക അസമത്വമാണ് സവരണ മാനദണ്ഡമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും ജനറല്‍ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ല് പാസാക്കിയത്. രാഷ്ട്രപതി ബില്ലില്‍ ഒപ്പ് ചാര്‍ത്തുന്നതോടെ ബില്ല് നിയമമാവും.

Tags:    

Similar News