മലയാളി വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍; ഉത്തരവുമായി കോയമ്പത്തൂര്‍ നഗരസഭ

ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കോളജുകള്‍ക്ക് നോട്ടിസ് നല്‍കി.

Update: 2021-09-15 10:35 GMT

കോയമ്പത്തൂര്‍: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കോളജുകള്‍ക്ക് നോട്ടിസ് നല്‍കി.

ശരവണപ്പട്ടിയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കോയമ്പത്തൂര്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന് കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് കോര്‍പറേഷന്റെ തീരുമാനം. രണ്ട് ഡോസ് വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

ദേശീയതലത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് 27,176 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 15000ലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് അതിര്‍ത്തി കടന്ന് വരുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

Tags:    

Similar News