പാക് അതിര്‍ത്തിക്കകത്ത് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം
ഇന്ത്യയുടെ മിറാഷ് 2000 പോര്‍ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. പാക് അതിര്‍ത്തിക്കകത്തെ ഒരു പ്രധാന സായുധ ക്യാംപ് പൂര്‍ണമായും തകര്‍ത്തതായും സൈന്യം വ്യക്തമാക്കി.
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് പാകിസ്താന്‍ അതിര്‍ത്തിക്കകത്ത് ആക്രമണം നടത്തിയതായി ഇന്ത്യന്‍ വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ മിറാഷ് 2000 പോര്‍ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. പാക് അതിര്‍ത്തിക്കകത്തെ ഒരു പ്രധാന സായുധ ക്യാംപ് പൂര്‍ണമായും തകര്‍ത്തതായും സൈന്യം വ്യക്തമാക്കി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു ആക്രമണം. ഏകദേശം 1000 കിലോഗ്രാം ബോംബ് സായുധരുടെ ക്യാംപില്‍ വര്‍ഷിച്ചതായാണ് റിപോര്‍ട്ടില്‍ പറയുന്നത്.
നേരത്തെ, ഇന്ത്യന്‍ വ്യോമസേന നിയന്ത്രണ രേഖ ലംഘിച്ച് തങ്ങളുടെ അതിര്‍ത്തിക്കകത്ത് പ്രവേശിച്ചെന്ന് പാകിസ്താന്‍ ആരോപിച്ചിരുന്നു. പാക് വ്യോമസേന തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ മടങ്ങിയതായാണ് പാകിസ്താന്‍ വ്യോമസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ അറിയിച്ചത്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനിടെയാണ് സംഭവം. വിമാനങ്ങള്‍ ധൃതിയില്‍ മടങ്ങവേ ബാലക്കോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായും പാക് സൈനിക വക്താവ് അറിയിച്ചു. മുസാഫറാബാദ് സെക്ടറിലാണ് സംഭവം. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നായിരുന്നു പാകിസ്താന്‍ സൈന്യം അറിയിച്ചത്. അതേ സമയം, ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.