വിദേശത്ത് കുടുങ്ങുന്നവര്‍ക്കായി ഇടപെടുന്ന മുഖ്യമന്ത്രി മഅ്ദനിക്കുവേണ്ടിയും ഇടപെടണമെന്ന് സി ദിവാകരന്‍

Update: 2019-09-23 16:11 GMT

തിരുവനന്തപുരം: ഗുരുതര രോഗങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടുന്ന മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ എംഎല്‍എ. വിദേശത്തു കുടുങ്ങുന്നവരുടെ രക്ഷക്കായി ഉടന്‍ ഇടപെടല്‍ നടത്തുന്ന മുഖ്യമന്ത്രി ഗുരുതര രോഗങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടുന്ന മഅ്ദനിക്കായും ഇടപെടണം. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പാര്‍ട്ടികളിലെ എംഎല്‍എമാരും നേതാക്കളും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കണം.

മഅദ്‌നിയുടെ കാര്യത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ഇല്ലാത്ത കുറ്റം ചുമത്തപ്പെട്ടാണ് നിരവധി പേര്‍ ജയിലുകളില്‍ കഴിയുന്നത്. ഇതുപോലെ തന്നെയാണ് മഅ്ദനിയുടെയും കാര്യം. കുറ്റപത്രം പോലും നല്‍കാതെ ഒരാളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ത് നിയമമാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല. വളരെ മോശം അവസ്ഥയിലാണ് മഅ്ദനിയിപ്പോള്‍. അദ്ദേഹത്തിന് വല്ലതും സംഭവിച്ചാല്‍ അതിന് കേരള, കേന്ദ്ര സര്‍ക്കാരുകള്‍ ഉത്തരവാദിയായിരിക്കുമെന്നും ദിവാകരന്‍ പറഞ്ഞു. 10 വര്‍ഷത്തോളം കരുനാഗപ്പള്ളി മണ്ഡലത്തില്‍ തന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്ന് മഅ്ദനിയായിരുന്നെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആശ്യപ്പെട്ട് പിഡിപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ ഉപവാസം ആരംഭിച്ചത്.

പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തൂറ സിറാജ് അധ്യക്ഷത വഹിച്ചു. 

Tags:    

Similar News