ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇടപെടാന്‍ ഒരുങ്ങി ഇന്ത്യ; കേന്ദ്രം സര്‍വകക്ഷിയോഗം വിളിച്ചു

തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളായ എഐഡിഎംകെ, ഡിഎംകെ എന്നിവയുടെ അഭ്യര്‍ഥനമാനിച്ചാണ് തീരുമാനം.

Update: 2022-07-17 13:15 GMT

ന്യൂഡല്‍ഹി: സാമ്പത്തിക തകര്‍ച്ചയ്ക്കു പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്ത ശ്രീലങ്കയില്‍ ഇടപെടാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളായ എഐഡിഎംകെ, ഡിഎംകെ എന്നിവയുടെ അഭ്യര്‍ഥനമാനിച്ചാണ് തീരുമാനം. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ഇന്ത്യ ഇടപെടണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും ഡോ. എസ് ജയശങ്കറും കാര്യങ്ങള്‍ വിശദീകരിക്കും.

ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഡിഎംകെ, എഐഡിഎംകെ നേതാക്കള്‍ അറിയിച്ചത്. ശ്രീലങ്കയിലേക്ക് അവശ്യസാധനങ്ങള്‍ അയച്ച് സഹായിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ ഇന്ത്യ നേരിട്ട് ഇടപെട്ടിരുന്നില്ല.

ശ്രീലങ്കയിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.നിലവില്‍ ശ്രീലങ്കയില്‍നിന്നുള്ള കുടിയേറ്റ പ്രതിസന്ധി ഇല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്ത്യ എല്ലായിപ്പോഴും ശ്രീലങ്കന്‍ ജനതയ്ക്ക് ഒപ്പമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഭരണഘടന നിഷ്‌കര്‍ഷിക്കുന്നതുപോലെ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ അവിടെ ഉണ്ടാകട്ടേയെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക സഹായം കൈമാറിയതിന് പുറമേ, ഇന്ത്യയുടെ അയല്‍ക്കാര്‍ക്ക് മുഖ്യപരിഗണന നല്‍കുക എന്ന നയതന്ത്ര നിലപാടില്‍ ശ്രീലങ്കയ്ക്ക് വലിയ പ്രാമുഖ്യമാണുള്ളതെന്നും ഇന്ത്യ വ്യക്തമാക്കി.

രാജ്യത്തെ അവസ്ഥയില്‍ പ്രതിഷേധിച്ചുള്ള ജനങ്ങളുടെ പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ടു. പ്രസിഡന്റ് ഗോതബായ രജപക്‌സേ രാജ്യം വിടുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇത്ര രൂക്ഷമാക്കിയത് രജപക്‌സേയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

Tags:    

Similar News