രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്രം ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍

ഈ മാസം 26ന് സമൂഹ്യ മാധ്യമ വേദിയായ ട്വിറ്റര്‍ ലുമെന്‍ ഡാറ്റാബേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2021 ജനുവരി 5നും 2021 ഡിസംബര്‍ 29നും ഇടയിലാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥനകള്‍ അയച്ചതെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അക്കൗണ്ടുകള്‍ റദ്ദാക്കാനുള്ള അഭ്യര്‍ത്ഥന പൂര്‍ത്തീകരിച്ചോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഡാറ്റാബേസില്‍ ലഭ്യമല്ല.

Update: 2022-06-28 14:06 GMT

ന്യൂഡല്‍ഹി: ജേണലിസ്റ്റുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കര്‍ഷക സമരാനുകൂലികള്‍ തുടങ്ങിയവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ട്വിറ്റര്‍. ഈ മാസം 26ന് സമൂഹ്യ മാധ്യമ വേദിയായ ട്വിറ്റര്‍ ലുമെന്‍ ഡാറ്റാബേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2021 ജനുവരി 5നും 2021 ഡിസംബര്‍ 29നും ഇടയിലാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥനകള്‍ അയച്ചതെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, അക്കൗണ്ടുകള്‍ റദ്ദാക്കാനുള്ള അഭ്യര്‍ത്ഥന പൂര്‍ത്തീകരിച്ചോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഡാറ്റാബേസില്‍ ലഭ്യമല്ല.

ആഗോളതലത്തില്‍ ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും അതിനായി വാദിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകള്‍ തടയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ട്വിറ്റര്‍ സമര്‍പ്പിച്ച രേഖയിലുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ അയച്ച ഇ മെയിലിന് ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇതു വരെ മറുപടി പറഞ്ഞിട്ടില്ല. കിസാന്‍ ഏകതാ മോര്‍ച്ചയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍ണൈല്‍ സിംഗ് ഉള്‍പ്പടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെയും ആം ആദ്മി പാര്‍ട്ടിയിലെയും എംഎല്‍എമാരുടെ ട്വീറ്റുകള്‍ തടയാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്രം റദ്ദാക്കാന്‍ അഭ്യര്‍ത്ഥിച്ച മിക്ക ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും ഉപയോക്താക്കളില്‍ സ്വാധീനം ചെലുത്തുന്നവയാണെന്ന് റാന്‍ഡം പരിശോധനയില്‍ വ്യക്തമാകുന്നുണ്ട്.

പിന്തുണ അറിയിക്കുന്നവരുടെ ട്വീറ്റുകള്‍ തടയുന്നതിനായി അഭ്യര്‍ത്ഥിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കര്‍ഷക യൂണിയനുകളെ സംയുക്ത വേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) ശക്തമായി എതിര്‍പ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കര്‍ഷക പ്രസ്ഥാനവുമായി ബന്ധമുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞുവയ്ക്കുന്നതിനെ സംയുക്ത കിസാന്‍ മോര്‍ച്ച ശക്തമായി എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യുന്ന എസ്‌കെഎം വ്യക്തമാക്കി.

അതേസമയം മാധ്യമപ്രവര്‍ത്തകരായ റാണ അയ്യൂബിന്റെയും സിജെ വെര്‍ലെമന്റെയും ട്വീറ്റുകള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗ്രൂപ്പ് കമ്മിറ്റിയും അപലപിച്ചു. 'മാധ്യമപ്രവര്‍ത്തകന്‍ റാണ അയ്യൂബിന്റെ ട്വീറ്റ് തടഞ്ഞുവയ്ക്കാനും, കോളമിസ്റ്റ് സിജെ വെര്‍ലെമന്റെ അക്കൗണ്ട് തടയാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ട്വിറ്റര്‍ പാലിക്കുന്നത് സാമൂഹ്യ മാധ്യമത്തിലെ അംഗീകരിക്കാനാവാത്ത സെന്‍സര്‍ഷിപ്പ് പ്രവണതയുടെ ഭാഗമാണ്. ഇത് അവസാനിപ്പിക്കണം മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്' എന്ന് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള കമ്മിറ്റിയായ സിപിജെ ഏഷ്യ ട്വീറ്റ് ചെയ്തു.

Tags:    

Similar News