പരാജയ ഭീതിയിലാണ്ട മമത തന്നെ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു: മോദി

പരാജയ ഭീതി പൂണ്ട ദീദിയ്ക്ക് നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. ഭയം കാരണം അവരെന്നെ അഴിക്കുള്ളിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. മമതയും ബന്ധുവായ അഭിഷേക് ബാനര്‍ജിയും ബംഗാളിനെ കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു.

Update: 2019-05-16 15:35 GMT

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി തന്നെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ മധുരാപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിമ തകര്‍ത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പശ്ചിമ ബംഗാള്‍ പോലിസ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. പ്രതിമ തകര്‍ത്തത് തൃണമൂല്‍ ഗുണ്ടകളാണ്. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് അവരാണ്.

തൃണമൂലിന്റെ ഗുണ്ടകളെ രക്ഷിക്കാന്‍ തെളിവില്ലാതാക്കാന്‍ നോക്കുകയാണ് പോലിസ്. തൃണമൂലുകാര്‍ ബംഗാളിനെ നരകമാക്കിയെന്നും പ്രതിമ തകര്‍ത്തവര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും മോദി പറഞ്ഞു.

പരാജയ ഭീതി പൂണ്ട ദീദിയ്ക്ക് നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. ഭയം കാരണം അവരെന്നെ അഴിക്കുള്ളിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. മമതയും ബന്ധുവായ അഭിഷേക് ബാനര്‍ജിയും ബംഗാളിനെ കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു.

ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്ത റാലിക്കിടെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ആക്രമണത്തിനിടെ ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെടുകയായിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മോദിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് തൃണമൂലും കോണ്‍ഗ്രസും നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ സഹോദരനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കേണ്ടവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, ഇപ്പോള്‍ കമ്മീഷന്‍ ബിജെപിക്ക് പൂര്‍ണ്ണമായി വില്‍ക്കപ്പെട്ട പോലെയാണെന്നും മമത തുറന്നടിച്ചു.

ബംഗാളിലെ സംഭവങ്ങളില്‍ തൃണമൂലിനും തനിക്കും പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കള്‍ക്ക് മമത ബാനര്‍ജി നന്ദി പറഞ്ഞു. ഭരണഘടനയ്ക്ക് നേരെ വ്യക്തമായ ആക്രമണമാണ് ബിജെപി നടത്തുന്നതെന്നും മമത ആരോപിച്ചു.

Tags: