മാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്‌ലിം വിരോധം: ഖത്തീബ് - ഖാദി അസോസിയേഷന്‍

അബ്ദുന്നാസിര്‍ മഅ്ദനിയെക്കുറിച്ച് ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ സമുദായത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Update: 2022-05-27 08:34 GMT

കൊച്ചി: നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ് മാധ്യമ സ്ഥാപനങ്ങളുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ചില ക്ഷുദ്രജീവികള്‍ തങ്ങളുടെ ഉളളില്‍ താലോലിക്കുന്ന മുസ്‌ലിം വിരോധമാണ് ഇപ്പോള്‍ പുറത്തെടുക്കുന്നതെന്ന് ഖത്തീബ് - ഖാദി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പച്ചലൂര്‍ സലീം മൗലവി.

അബ്ദുന്നാസിര്‍ മഅ്ദനിയെക്കുറിച്ച് ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ സമുദായത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം:

മഅ്ദനി അനാഥനല്ല, മുസ്‌ലിം സമുദായം ചെണ്ടയുമല്ല

മതസൗഹാര്‍ദ്ധത്തിന്റേയും മാനവ മൈത്രിയുടെയും ഈറ്റില്ലമായ കേരളത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സംശയവും വെറുപ്പും സ്പര്‍ധയും സൃഷ്ടിക്കുന്നതിന് ബോധ പൂര്‍വ്വം വിദ്വേഷ പ്രസംഗം നടത്തിയതു കൊണ്ടാണ് പി സി ജോര്‍ജ്ജിനെതിരേ കേസെടുത്ത് കോടതി അദ്ദേഹത്തെ ജയിലിലടച്ചത്.

അത്യന്തം മാരകവും വിഷലിപ്തവുമായ വാക്കുകളിലൂടെ വര്‍ഗീയത പ്രചരിപ്പിച്ച പി സി ജോര്‍ജിനെ നിയമനടപടിക്ക് വിധേയമാക്കിയ പോലിസ് നടപടിയെ പ്രബുദ്ധ കേരളം ഒറ്റമനസോടെ സ്വാഗതം ചെയ്തത് ഈ നാടിന്റെ സാംസ്‌ക്കാരിക ഔന്നിത്യത്തിന് തെളിവാണ്.

എന്നാല്‍, നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ് മാധ്യമ സ്ഥാപനങ്ങളുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ചില ക്ഷുദ്രജീവികള്‍ തങ്ങളുടെ ഉളളില്‍ പണ്ടേ താലോലിക്കുന്ന മുസ്ലിം വിരോധം പ്രകടിപ്പിക്കുന്നതിനുളള സുവര്‍ണ്ണാവസരം കൂടിയാക്കി ഈ സംഭവത്തെ ആഘോഷിക്കുന്നത് മതേതര ജനാധിപത്യ സങ്കല്‍പങ്ങളെ അട്ടിമറിക്കുന്നതാണ്.

സംഘ്പരിവാര്‍ ഭീകരതക്കെതിരേ ധീരവും ശക്തവുമായി സംസാരിച്ച 'കുറ്റ'ത്തിന് ഒരിക്കല്‍ ആര്‍എസ്എസ്സിന്റെ വധശ്രമത്തിന് വിധേയനായ, രണ്ടര പതിറ്റാണ്ടോളമായി ഭരണകൂട ഭീകരതയുടെ ക്രൂരവിനോദത്തിനിരയായി അന്യായമായി ജയിലിലക്കപ്പെട്ടിരിക്കുന്ന, പൂര്‍ണ നിരപരാധിയായ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ രംഗത്ത് വന്ന ഏഷ്യാനെറ്റിലെ വിനു വി ജോണ്‍ നടത്തിയ ചില പദപ്രയോഗങ്ങള്‍ മുസ്‌ലിം സമുദായത്തിന് നേരെയുളള തുറന്ന യുദ്ധ പ്രഖ്യാപനമാണ്.

മനുഷ്യത്വത്തിന്റെ പേരില്‍ മഅ്ദനിയെ പിന്തുണച്ചത് തെറ്റായി പോയെന്നും ഇത് മഅ്ദനിയുടെ അവസാന നാളുകളാണെന്നും അദ്ദേഹം ജയിലില്‍ തന്നെ കിടക്കേണ്ടവനാണെന്നുമൊക്കെ വിധിച്ചിരിക്കുകയാണ് വിനു.

മഅ്ദനിയെ അധിഷേപിച്ചാല്‍ ആരും ചോദിക്കില്ലന്നും മുസ്‌ലിം സമുദായം ഏത് 'എമ്പോക്കി'ക്കും കൊട്ടാനുളള ചെണ്ടയാണെന്നുമുളള മിഥ്യാധാരണയില്‍ നിന്നാണ് വിനു സംസാരിച്ചിരിക്കുന്നത്.

തെറ്റ് തിരുത്തി മാപ്പ് പറയാന്‍ വിനു തയ്യാറായില്ലങ്കില്‍ മുസ്‌ലിം സമുദായത്തിന്റെ അതിശക്തമായ പ്രതിഷേധം ഏഷ്യാനെറ്റ് ഏറ്റുവാങ്ങേണ്ടിവരും.

Tags:    

Similar News