മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം

തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി.

Update: 2020-02-01 11:47 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നൂറു സാക്ഷികളും 75 തൊണ്ടിമുതലുകളുമാണ് ഉള്ളത്. 66 പേജുകളുള്ള കുറ്റപത്രമാണ് പോലിസ് സമര്‍പ്പിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിരുന്നു.കുറ്റപത്രം വൈകുന്നതിനാല്‍ ആറുമാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താനാകില്ലെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കിയത്. എന്നാല്‍ ഈ ശുപാര്‍ശ തള്ളിക്കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ മൂന്നുമാസം കൂടി തുടരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

2019 ഓഗസ്റ്റ് മൂന്നാം തിയതി രാത്രിയാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കൂടിയായിരുന്ന കെ എം ബഷീര്‍ മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പോലിസ് തയാറാക്കിയ പ്രഥമവിവര റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചതെന്ന ശ്രീറാമിന്റെ വാദം തള്ളിയായിരുന്നു സര്‍ക്കാര്‍ നടപടി. അതേസമയം ഫോറന്‍സിക് റിപോര്‍ട്ട് വൈകുന്നതിനാലാണ് കേസില്‍ കുറ്റപത്രം നല്‍കാന്‍ സമയമെടുക്കുന്നതെന്ന് നേരത്തെ പോലിസ് വിശദീകരിച്ചത്.

Tags:    

Similar News