'ഭാരത്, നോട്ട് ഭാഗവത് രത്‌ന'; ഭാരത് രത്‌ന പ്രഖ്യാപനത്തെ കടന്നാക്രമിച്ച് 'ദ ടെലഗ്രാഫ്'

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പോലിസിനു നേരെ കല്ലെറിയുന്ന സംഘപരിവാര പ്രവര്‍ത്തകരുടെ ചിത്രത്തോടൊപ്പം നല്‍കിയ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. കശ്മീരില്‍ അവരെ നാം വെടിവച്ചു വീഴ്ത്തുമ്പോള്‍ കേരളത്തില്‍ ഭക്തരെന്നാണു വിളിക്കുന്നതെന്നായിരുന്നു ടെലഗ്രാഫിന്റെ ഒന്നാംപേജില്‍ ഇടം നേടിയ പരാമര്‍ശം.

Update: 2019-01-26 14:27 GMT

കോഴിക്കോട്: രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ ഭാരത് രത്‌ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച സംഘപരിവാര വിധേയത്വത്തെ കടന്നാക്രമിച്ച് ദേശീയ ദിനപത്രമായ 'ദ ടെലഗ്രാഫ്'. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങളെ കടുത്ത ഭാഷകളില്‍ വിമര്‍ശിക്കുകയും ആരെയും ഞെട്ടിക്കുന്ന തലക്കെട്ടിലൂടെയും പ്രശസ്തമായ ദ ടെലഗ്രാഫിന്റെ ഇന്നത്തെ ഒന്നാംപേജ് തലക്കെട്ടാണ് ഭാരത് രത്‌നയിലെ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നത്. 'ഭാരത്, നോട്ട്, ഭാഗവത് രത്‌ന' എന്നാണു തലക്കെട്ട് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയം കലര്‍ത്തിയെന്നാണു ടെലഗ്രാഫിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയ്ക്ക് ഭാരതരത്‌ന നല്‍കിയത് ആര്‍എസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനത്തെത്തി അവരുടെ മേധാവി മോഹന്‍ ഭഗവതിനൊപ്പം വേദി പങ്കിടുകയും ഹെഡ്‌ഗേവാറിനെ രാജ്യത്തിന്റെ പുത്രനെന്ന് വിശേഷിപ്പിച്ചതിന്റെയും പ്രത്യുപകാരമാണോയെന്നാണ് പ്രധാനവാര്‍ത്തയില്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നത്.

    പ്രണബ് മുഖര്‍ജി മോഹന്‍ ഭഗവതിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇതോടൊപ്പം നല്‍കിയത്. പ്രണബ് മുഖര്‍ജിയോടൊപ്പെ ഭാരതരത്‌ന ലഭിച്ച രണ്ടുപേരും ഹിന്ദുത്വ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചവരായിരുന്നു. സംഗീത സംവിധായകനും ഗായകനുമായ ഭൂപന്‍ ഹസാരികയ്ക്കും സംഘപരിവാര്‍ പ്രചാരകന്‍ നാനാജി ദേശ്മുഖിനുമാണ് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കിയത്. ഹസാരിക 2004ല്‍ ബിജെപി സ്ഥാനാര്‍ഥിയായി ഗുവാഹത്തിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചയാളാണ്. വാജ്‌പേയി കേന്ദ്രം ഭരിക്കുമ്പോള്‍ നാനാജി ദേശ്മുഖിന് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സന്ദര്‍ശനമാണ് പ്രണബിന്റേത്. കോണ്‍ഗ്രസിന്റെയും സ്വന്തം മകളുടെയും അഭ്യര്‍ഥന പോലും വകവയ്ക്കാതെ നാഗ്പൂരില്‍ ആര്‍എസ്എസ് വോളന്റിയര്‍മാര്‍ക്കായി നടത്തിയ ത്രിദിന ക്യാംപിലാണ് പ്രണബ് മൂഖര്‍ജി അതിഥിയായെത്തിയത്. ഇതിനു എട്ടുമാസം പിന്നിടുമ്പോഴാണ് ഭാരത് രത്‌ന നല്‍കിയത്. പത്മഭൂഷണ്‍, പത്മശ്രീ അവാര്‍ഡുകളിലും സംഘപരിവാര ആശയവുമായി ഒട്ടിനില്‍ക്കുന്നവരെയാണ് തിരഞ്ഞെടുത്തത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്്ടറും ബാബരി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍എസ്എസ് പ്രചാരണങ്ങള്‍ക്ക് പിന്‍ബലമേകുകയും ചെയ്ത കെ കെ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരെയാണ് പരിഗണിച്ചത്.   


നേരത്തേയും മോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയും നേര്‍ക്കുനേര്‍ വിമര്‍ശിക്കുന്ന തലക്കെട്ടുകളിലൂടെ ദ ടെലഗ്രാഫ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പത്രം തലക്കെട്ടില്‍ ഉപയോഗിച്ച ഭാഷയെയും രാഷ്ട്രീയത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പിന്തുണയ്ക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പോലിസിനു നേരെ കല്ലെറിയുന്ന സംഘപരിവാര പ്രവര്‍ത്തകരുടെ ചിത്രത്തോടൊപ്പം നല്‍കിയ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. കശ്മീരില്‍ അവരെ നാം വെടിവച്ചു വീഴ്ത്തുമ്പോള്‍ കേരളത്തില്‍ ഭക്തരെന്നാണു വിളിക്കുന്നതെന്നായിരുന്നു ടെലഗ്രാഫിന്റെ ഒന്നാംപേജില്‍ ഇടം നേടിയ പരാമര്‍ശം. വന്‍തോതില്‍ ആകര്‍ഷിക്കപ്പെട്ട വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.




Tags: