കറാച്ചി പോലിസ് ആസ്ഥാനത്ത് സായുധാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുന്നു

Update: 2023-02-18 02:38 GMT

കറാച്ചി: പാകിസ്താനിലെ കറാച്ചി പോലിസ് ആസ്ഥാനത്ത് സായുധസംഘത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു പോലിസ് ഉദ്യോഗസ്ഥനും സിവിലിയനുമാണ് കൊല്ലപ്പെട്ടത്. പോലിസ് വേഷത്തിലെത്തിയ സായുധരാണ് ആക്രമണം നടത്തിയത്. ആയുധധാരികളായ സായുധര്‍ പോലിസ് ആസ്ഥാനത്തേക്ക് ഇരച്ചുകയറി. പോലിസ് മേധാവിയെ ബന്ദിയാക്കിയതായാണ് സൂചന. അഞ്ച് നില കെട്ടിടത്തില്‍ എട്ട് സായുധരുണ്ടെന്നാണ് കരുതുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സായുധരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് മേധാവിയുടെ ഓഫിസിനുള്ളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടു.

നാലാം നിലയില്‍ ഒരു മനുഷ്യബോംബ് സ്വയം പൊട്ടിത്തെറിച്ച് സ്‌ഫോടനം നടത്തിയെന്നാണ് റിപോര്‍ട്ട്. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണം നടന്നതായി കറാച്ചി പോലിസ് മേധാവി ജാവേദ് ആലം ഒധോ സ്ഥിരീകരിച്ചു. പോലിസും അര്‍ധസൈനിക വിഭാഗവും തിരിച്ചടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമകാരികള്‍ എത്രപേരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സിന്ധ് പ്രവിശ്യയിലെ ഇന്‍ഫര്‍ മേഷന്‍ മന്ത്രി ഷര്‍ജീല്‍ ഇനം മേമന്‍ പറഞ്ഞു. പാക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

Tags:    

Similar News