സമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എം വി ഗോവിന്ദന്റേത് വംശീയ നിലപാടെന്ന് തുളസീധരന്‍ പള്ളിക്കല്‍

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള കുടിലതന്ത്രമാണ് ഇത്തരം പ്രസ്താവനകള്‍ക്കു പിന്നില്‍. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രനിലപാടുകാരാണെന്ന ഗോവിന്ദന്റെ അഭിപ്രായം ദുഷ്ടലാക്കാണ്.

Update: 2022-09-10 14:13 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവരില്‍ തീവ്രവാദികളില്ലെന്നും കോഴിക്കോട് ആവിക്കല്‍ സമരക്കാര്‍ തീവ്രവാദികളാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ഉള്ളിലുള്ള വംശീയതയുടെ തുറന്നുപറച്ചിലാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള കുടിലതന്ത്രമാണ് ഇത്തരം പ്രസ്താവനകള്‍ക്കു പിന്നില്‍. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രനിലപാടുകാരാണെന്ന ഗോവിന്ദന്റെ അഭിപ്രായം ദുഷ്ടലാക്കാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരേ സമരം ചെയ്യുന്നത് പൗരന്മാരുടെ ജനാധിപത്യാവകാശമാണ്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ വേഷവും മതവും നോക്കി ചാപ്പ കുത്തുന്നത് ഫാഷിസവും വംശീയതയുമാണ്. പൗരത്വ നിഷേധത്തിനെതിരേ സമരം ചെയ്യുന്നവരെ വേഷം കണ്ടാലറിയാം എന്നു പ്രസ്താവന നടത്തിയ മോദിയുടെ നിലപാടിന്റെ തനിയാവര്‍ത്തനമാണ് എം വി ഗോവിന്ദനില്‍ നിന്നു തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ജീവനും പരിസ്ഥിതിയ്ക്കും ഭീഷണിയായ എല്‍എന്‍ജി, ഗെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെതിരേ സംസ്ഥാനത്ത് സമരം നടത്തുന്നവരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സജീവമായി പങ്കെടുക്കുമ്പോഴെല്ലാം ഇത്തരം വംശീയ ആരോപണങ്ങള്‍ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്നത് പതിവായിരിക്കുകയാണ്. വംശവെറിയന്മാരായ സംഘപരിവാരത്തിന് വളമിട്ടുനല്‍കുന്നതും ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് ശത്രുക്കളാക്കി മാറ്റുന്നതുമായ പ്രസ്താവനകളില്‍ നിന്നു പിന്മാറാന്‍ എം വി ഗോവിന്ദനുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ തയ്യാറാവണമെന്ന് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Tags: