കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച 15 പേര്‍ അറസ്റ്റില്‍

656 കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് ജില്ലാ പോലിസ്മേധാവികളുടെ നേതൃത്വത്തില്‍ 280 ടീമുകളായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.

Update: 2022-08-29 18:40 GMT

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേര്‍ അറസ്റ്റില്‍. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലിസ് സൈബര്‍ ഡോമിന് കീഴിലുള്ള പോലീസ് സിസിഎസ്ഇ (Counter Child Sexual Exploitation) ടീമിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ പി ഹണ്ട്' എന്ന പേരില്‍ റെയ്ഡ് നടത്തുന്നത്.

656 കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് ജില്ലാ പോലിസ്മേധാവികളുടെ നേതൃത്വത്തില്‍ 280 ടീമുകളായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 67 കേസുകള്‍ എടുത്ത സംഘം 15 പേരെ അറസ്റ്റ് ചെയ്തതിന് പുറമെ മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍,കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ 279 ഓളം ഉപകരണങ്ങളും പിടിച്ചെടുത്തു.

അഞ്ച് വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളുമാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. സൗത്ത് സോണ്‍ ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫfറുമായ പി പ്രകാശ് ഐപിഎസാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.

സൈബര്‍ ഡോം ഓപ്പറേറ്റിംഗ് ഓഫിസര്‍ ശ്യാം കുമാര്‍, ആര്‍ യു രഞ്ജിത്, ജിഎസ് അനൂപ്, എസ് എസ് വൈശാഖ്, ആര്‍ അനുരാജ്, അക്ഷയ് സന്തോഷ് എന്നിവരടങ്ങിയ സിസിഎസ്ഇ സൈബര്‍ഡോം ടീമാണ് ഓണ്‍ലൈന്‍ വഴി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്തിയത്. കൂടാതെ ബച്പന്‍ ബച്ചാവോ ആന്തോളന്‍ എന്ന എന്‍ജിഒയും ഇതിന് വേണ്ടിയുള്ള സാങ്കേതിക സഹായം നല്‍കിയിട്ടുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷംവരെ ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാമെന്ന് പി പ്രകാശ് ഐപിഎസ് പറഞ്ഞു.

Tags: