ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം

Update: 2023-03-05 17:02 GMT

ധക്ക: ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വസിച്ചിരുന്ന ക്യാംപില്‍ വന്‍ തീപ്പിടിത്തം. ക്യാംപിലെ രണ്ടായിരത്തോളം കൂടാരങ്ങള്‍ കത്തിനശിച്ചു. 12,000 പേര്‍ ഭവനരഹിതരായി. സംഭവത്തില്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. കുറഞ്ഞത് 35 മുസ്‌ലിം പള്ളികളും അഭയാര്‍ഥികള്‍ക്കായുള്ള 21 പഠനകേന്ദ്രങ്ങളും നശിച്ചു. കോക്‌സ് ബസാര്‍ ജില്ലയിലെ ബലാഖുലി അഭയാര്‍ഥി ക്യാംപിലാണ് അപകടം സംഭവിച്ചത്. തീപ്പിടിത്തം സംഭവിച്ചത് മലയിടുക്കുകള്‍ നിറഞ്ഞ മേഖലയിലായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

അഗ്‌നിബാധ പൂര്‍ണമായും നിയന്ത്രിച്ചെന്നും പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമാണെന്നും അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരപ്രദേശത്ത്, മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കോക്‌സ് ബസാര്‍ ജില്ലയില്‍ 10 ലക്ഷത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് വസിക്കുന്നത്. മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന വംശഹത്യയില്‍ നിന്ന് രക്ഷ നേടാനായി ദിനംപ്രതി ആയിരക്കണക്കിന് റോഹിന്‍ഗ്യന്‍ വംശജരാണ് ബംഗ്ലാദേശിലേക്ക് കുടിയേറുന്നത്.

Tags:    

Similar News