സന്തോഷ് ട്രോഫി; ബംഗാളിനെയും തകര്‍ത്ത് കേരളം മുന്നോട്ട്

Update: 2022-04-18 18:23 GMT


മലപ്പുറം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആധിപത്യം തുടരുന്നു.കരുത്തരായ പശ്ചിമ ബംഗളിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി കേരളത്തിന്റെ വിജയകുതിപ്പ് തുടരുന്നു. മുഹമ്മദ് നൗഫലും ജെസിന്‍ ടികെയുമാണ് കേരളത്തിന്റെ സ്‌കോറര്‍മാര്‍. മലപ്പുറത്തിന്റെ തിങ്ങിനിറഞ്ഞ ഗാലറിയ്ക്ക് മുന്നില്‍ തകര്‍പ്പന്‍ ഫോമിലാണ് കേരളം കളിച്ചത്.ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ മല്‍സരം അവസാനിച്ചിരുന്നു. 11 ഷോട്ടുകളാണ് കേരളം ബംഗാള്‍ പോസ്റ്റിലേക്ക് പായിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിലും കേരളം ആക്രമണം തുടര്‍ന്നു.84ാം മിനിറ്റില്‍ മുഹമ്മദ് നൗഫലിലൂടെ കേരളം ലീഡെടുത്തു. ഇഞ്ചുറി ടൈമില്‍ ജെസിന്‍ ടികെയുടെ വകയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍.ആദ്യമല്‍സരത്തില്‍ കളിച്ച സഫ്‌നാദിന് പകരം മുന്നേറ്റ നിരയില്‍ ബെംഗളൂരു എഫ്‌സിയുടെ ശിഖിലിനെയാണ് കേരളം ഇന്നിറക്കിയത്. മേഘാലയ്‌ക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മല്‍സരം. ആദ്യമല്‍സരത്തില്‍ കേരളം രാജസ്ഥാനെയാണ് പരാജയപ്പെടുത്തിയത്.




Tags: