സൂപ്പര്‍ താരം നെയ്മറിന്റെ കാല്‍മുട്ട് ശസ്ത്രക്രിയ വിജയകരം

Update: 2025-12-23 07:36 GMT

സാവോ പോളോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായി. ബ്രസീല്‍ ദേശീയ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മറിന്റെ നേതൃത്വത്തിലാണ് ആര്‍ത്രോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. 2023ല്‍ ദോഹയിലെ അസ്പെതര്‍ ആശുപത്രിയില്‍ നെയ്മറിന്റെ കണങ്കാല്‍ ശസ്ത്രക്രിയ നടത്തിയതും റോഡ്രിഗോയുടെ നേതൃത്വത്തിലായിരുന്നു.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ 2026 ബ്രസീല്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് താരത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ നെയ്മറിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്ന് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി പറഞ്ഞിരുന്നു. ബ്രസീല്‍ സീരീ എയില്‍ താരംതാഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്ന സാന്റോസിനായി അവസാന മല്‍സരങ്ങളില്‍ കാല്‍മുട്ടിലെ പരിക്ക് വകവെക്കാതെയാണ് താരം കളത്തിലിറങ്ങിയത്. വേദന കടിച്ചമര്‍ത്തി നെയ്മര്‍ നിറഞ്ഞാടിയപ്പോള്‍ ടീം 47 പോയന്റോടെ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന നാല് മല്‍സരങ്ങളില്‍ നിന്നായി നെയ്മര്‍ അഞ്ച് ഗോളുകളാണ് നേടിയത്.



Tags: